Kerala
ധൂർത്തപുത്രന്റെ മാനസാന്തരത്തിന്റെ വിവിധ വശങ്ങൾ നമ്മൾ ചർച്ച ചെയ്തു. എന്നാൽ, പിന്നെയും പിന്നെയും പുതിയ ആത്മീയ അനുഭവ സാധ്യതകളുമായി ധൂർത്തപുത്രൻ നമുക്കു മുന്നിൽ നിൽക്കുന്നു.
ധൂർത്തപുത്രന്റെ മാനസാന്തരത്തിൽ ഏറ്റവും ആകർഷകമായ ഒരു ഘടകം ഇനി തന്റെ പഴയ ജീവിതരീതിയിലേക്കു തിരിച്ചുപോകില്ല എന്നു ധൂർത്തപുത്രൻ അപ്പനോടു വ്യസനസമേതം കട്ടായം പറയുന്നതാണ്. അപ്പോൾ നിങ്ങൾ ചോദിക്കും അങ്ങനെ ഒരു വാചകം ഉണ്ടോയെന്ന്. എന്നാൽ, നേരിട്ടങ്ങനെ പറയുന്നില്ലെങ്കിലും അവന്റെ വർത്തമാനങ്ങളിലെല്ലാം ഇനി താൻ പഴയ വഴികളിലേക്കു തിരിച്ചുപോകില്ല എന്നു ധ്വനിപ്പിക്കുന്ന ആശയങ്ങൾ അടങ്ങിയിട്ടുണ്ട്.
വീണ്ടും വീണാൽ
അങ്ങയുടെ ദാസരിൽ ഒരുവനായി എന്നെ സ്വീകരിക്കണമേ എന്നു പറയുന്പോൾ പദവികളേക്കാൾ ഉപരി ദൈവത്തിന്റെ സാന്നിധ്യം, പരിപാലന, സ്നേഹം എന്നിവയ്ക്കായി താൻ ശുശ്രൂഷ ചെയ്തുകൊള്ളാമെന്ന പുനഃസമർപ്പണമാണ് വ്യക്തമാകുന്നത്. ഒരിക്കൽ പ്രകാശം ലഭിച്ചവർ തിരിച്ചുപോയാൽ അവരുടെ അന്ത്യസ്ഥിതിയെക്കുറിച്ചു ബൈബിൾ പറയുന്നുണ്ട്.
“ഒരിക്കൽ പ്രകാശം ലഭിക്കുകയും സ്വർഗീയ സമ്മാനം ആസ്വദിച്ചറിയുകയും പരിശുദ്ധാത്മാവിൽ പങ്കുകാരാവുകയും ദൈവവചനത്തിന്റെ നന്മയും വരാനിരിക്കുന്ന യുഗത്തിന്റെ ശക്തിയും രുചിച്ചറിയുകയും ചെയ്തവർ വീണുപോവുകയാണെങ്കിൽ, അവരെ അനുതാപത്തിലേക്കു പുനരാനയിക്കുക അസാധ്യമാണ്”(ഹെബ്രാ 6:4).
പലവട്ടം തന്റെ മേൽ പെയ്യുന്ന മഴവെള്ളം കുടിച്ചിട്ട് ആർക്കുവേണ്ടി കൃഷി ചെയ്യപ്പെടുന്നുവോ അവരുടെ പ്രയോജനത്തിനായി സസ്യങ്ങൾ മുളപ്പിക്കുന്ന ഭൂമി ദൈവത്തിൽനിന്ന് അനുഗ്രഹം പ്രാപിക്കും.
എന്നാൽ, മുള്ളുകളും ഞെരിഞ്ഞിലുകളുമാണ് പുറപ്പെടുവിക്കുന്നതെങ്കിൽ അതു പ്രയോജനരഹിതമാകും (ഹെബ്രാ 6:7-8). അതിന്റെ മേൽ ശാപം ആസന്നമാണ്. അതിന്റെ അവസാനം എരിഞ്ഞമരലാണ്. ഇതു സുവിശേഷം നൽകുന്ന ഒരു താക്കീതു കൂടിയാണ്. ഒരിക്കൽ പ്രകാശം ലഭിച്ചവർ തിരിച്ചുപോകാതിരിക്കാനുള്ള താക്കീത്. നോന്പുകാലം കഴിഞ്ഞാലും മനസിൽ സൂക്ഷിക്കേണ്ട യാഥാർഥ്യം.
Kerala
തിരിച്ചുവരവ് സുവിശേഷം ആഘോഷിക്കുന്ന ഏറ്റവും മനോഹരമായ ഒരു ജീവിതാനുഭവമാണ്. പശ്ചാത്താപം തോന്നിയ ധൂർത്തപുത്രൻ നന്നായി ഗൃഹപാഠം ചെയ്തുവന്നു അപ്പനോടു സംസാരിക്കുന്നുണ്ടെങ്കിലും അപ്പന്റെ മനസിൽ ഒന്നേയുള്ളൂ, കണ്ടുകിട്ടിയല്ലോ അതുമതിയെന്ന വികാരം. മരിച്ചെന്നാണ് കരുതിയത്, ആളുണ്ടല്ലോ അതുമാത്രം മതിയെന്നുള്ളതു വല്ലാത്തൊരു സ്നേഹമാണ്.
ഇതുപോലൊരു തിരിച്ചുവരവ് ലൂക്കായുടെ സുവിശേഷം മറ്റൊരു അവസരത്തിലും ആഘോഷിക്കുന്നു. എമ്മാവൂസിലേക്കു പോയ ശിഷ്യന്മാർ, നാടുവിട്ടുപോയവരാണ്. ആ ശിഷ്യന്മാർ അത്യാഹ്ലാദത്തോടെ തിരിച്ചുവരുന്നു. ധൂർത്തപുത്രൻ തിരിച്ചുവരാൻ കാരണം അവനു സുബോധമുണ്ടായതാണ് (ലൂക്കാ 15:7).
എമ്മാവൂസിലെ ശിഷ്യന്മാർ തിരിച്ചുവരാൻ കാരണം അവരുടെ കണ്ണ് തുറക്കപ്പെട്ടു എന്നതാണ് (ലൂക്കാ 24:31). ധൂർത്തപുത്രനു സുബോധമുണ്ടായി കണ്ണു തുറന്നപ്പോൾ അപ്പൻ എത്രയോ അകലെയാണെന്നു കണ്ടു. എമ്മാവൂസിലെ ശിഷ്യന്മാർ കണ്ണ് തുറന്നപ്പോൾ കർത്താവിന്റെ കല്ലറ, കാൽവരി എത്രയോ അകലെയാണെന്നു തിരിച്ചറിഞ്ഞു.
►അപ്പം മുറിച്ചപ്പോൾ◄
കല്ലറയില്ലാത്ത, കാൽവരിയില്ലാത്ത ജീവിതത്തിന്റെ ശൂന്യത അവർ തിരിച്ചറിഞ്ഞു. കൂട്ടായ്മ എത്രയോ അകലെയാണെന്നു തിരിച്ചറിഞ്ഞു. സഭാജീവിതം എത്രയോ അകലെയാണെന്ന ചിന്ത അവർക്കുണ്ടായി. മൂന്നു ഘടകങ്ങളിലേക്കാണ് ശിഷ്യന്മാർ തിരിച്ചെത്തിയത്.
ഒന്ന് സഭയുടെ കൂട്ടായ്മയിലേക്ക്, രണ്ട് കർത്താവിന്റെ കാൽവരിയിലേക്ക്, മൂന്ന് കർത്താവിന്റെ കല്ലറയിലേക്ക്. നാടുവിട്ടു പോകണം, ദൈവത്തെ വിട്ടുപോകണം എന്നുള്ള ചിന്തകളെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ടാണ് ഈശോ അവരുടെ മുന്പിൽ പരിശുദ്ധ കുർബാനയായി വീണ്ടും മുറിക്കപ്പെടുന്നത്. അപ്പം മുറിച്ചപ്പോഴാണ് അവർ കണ്ണ് തുറന്നത്.
ഓരോ പരിശുദ്ധ കുർബാനയിലൂടെയും അപ്പം മുറിക്കൽ ശുശ്രൂഷയിലൂടെയും കണ്ണു തുറപ്പിക്കാൻ കർത്താവ് നമ്മുടെയൊപ്പം യാത്ര ചെയ്യുന്നുണ്ട്. കൂടെ യാത്ര ചെയ്യുന്നവൻ കുർബാനയാണ് എന്നുള്ള തിരിച്ചറിവോടെ തിരിച്ചു നടക്കാൻ നമുക്കു കഴിയണം.
വൈകാതെ പെസഹയിലേക്കു നമ്മൾ പ്രവേശിക്കാനൊരുങ്ങുകയാണ്. ഈ ചിന്തകൾ നമ്മെ വിശുദ്ധീകരിക്കുകയും ശക്തീകരിക്കുകയും ദൈവത്തിൽ ഐക്യപ്പെടുത്തുകയും ചെയ്യാൻ നമുക്കും എമ്മാവൂസിലെ ശിഷ്യന്മാരെപ്പോലെ തിരിച്ചു നടക്കാം.
Kerala
ഓരോ കാലവും ആ കാലത്തിന്റെ പ്രത്യേകത കാണിച്ചു കടന്നുപോകും. അതിലെ ഏതെങ്കിലും ആകർഷണീയതയിൽ മനസ് കുടുങ്ങിപ്പോയാൽ ആ ലോകം നമ്മൾ നേടിയാലും ആത്മാവ് നഷ്ടപ്പെട്ടാൽ എന്തു ചെയ്യും? എന്നുള്ള ചോദ്യം പ്രസക്തമാകും. ജഡമോഹങ്ങളായിരിക്കാം പലപ്പോഴും ആളുകളെ കുഴപ്പങ്ങളിൽ വീഴ്ത്തുക.
ലോകമോഹങ്ങളിൽ കുടുങ്ങിപ്പോകുന്നവരിൽ പിന്നീട് ഒരു ആധ്യാത്മിക ജഡത്വം അനുഭവപ്പെടും. ഇതു മുൻകൂട്ടി കണ്ടാണ് ബൈബിൾ പറയുന്നത്, "ലോകവും അതിന്റെ മോഹങ്ങളും കടന്നുപോകുന്നു. ദൈവഹിതം പ്രവർത്തിക്കുന്നവനാകട്ടെ എന്നേക്കും നിലനിൽക്കുന്നു'(1 യോഹ 2:17).
കാലത്തിന്റെ മോഹങ്ങൾ
ഓരോ കാലത്തിനും ഓരോ മോഹങ്ങളാണ്. ശാശ്വതമായ മോഹങ്ങൾ നമുക്കു തരാൻ ഇല്ലെന്നുള്ളതാണ് ലോകത്തിന്റെ ഒരു ദാരിദ്ര്യം. അതുകൊണ്ടാണ് ഈശോ അഞ്ച് ഭർത്താക്കന്മാരുണ്ടായിരുന്ന സ്ത്രീയുമായി സംസാരിക്കുന്പോൾ "ഈ വെള്ളം കുടിക്കുന്ന ഏവനും വീണ്ടും ദാഹിക്കും' (യോഹ 4:13) എന്നു പറയുന്നത്. ഞാൻ തരുന്ന വെള്ളം കുടിക്കുന്നവന് ഒരിക്കലും ദാഹിക്കില്ല എന്നുകൂടി അവിടന്ന് കൂട്ടിച്ചേർക്കുന്നു.
അതായത് പ്രശ്നങ്ങളെ ചൂണ്ടിക്കാണിക്കുക മാത്രമല്ല, പരിഹാരവും അവിടന്ന് നിർദേശിക്കുന്നു."തിരുനാളിന്റെ അവസാനത്തെ മഹാദിനത്തിൽ യേശു എഴുന്നേറ്റുനിന്നു ശബ്ദമുയർത്തിപ്പറഞ്ഞു: എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽനിന്ന്, വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികൾ ഒഴുകും'(യോഹ 7:37). ഈശോ പകരുന്ന ജലം അതു ജീവജലത്തിന്റെ അരുവികളിലേക്ക്, ഹൃദയത്തിൽ അഭിഷേകം നിറയുന്പോൾ ഉണ്ടാകുന്ന ആത്യന്തികമായ തൃപ്തിയിലേക്കു നയിക്കുന്നതാണെന്നു ചുരുക്കം.
കാലത്തിന്റെ മോഹങ്ങളിൽ കുടുങ്ങിയ വീഴ്ചകൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെങ്കിൽ തിരിച്ചുവരാനും യഥാർഥ നീരുറവയായ ഈശോ നൽകുന്ന പരിശുദ്ധാത്മാവിൽ പുനക്രമീകരിച്ചുകൊണ്ട് ദൈവത്തിന്റെ മനുഷ്യനാകാനുള്ള ഒരു സമയമാണ് നോന്പുകാലം. കാലം ഉയർത്തുന്ന ഈ വെല്ലുവിളിയെ ധൈര്യപൂർവം നമുക്ക് ഏറ്റെടുക്കാം.
Kerala
രണ്ട് രാജാക്കന്മാർ അഞ്ചാം അധ്യായത്തിൽ മനോഹരമായ ചില ചരിത്രസംഭവങ്ങളുണ്ട്. അതിലൊന്ന് സിറിയ രാജാവിന്റെ സൈന്യാധിപനായ നാമാന്റെ കുഷ്ഠരോഗത്തിന്റെ സൗഖ്യമാണ്.
സിറിയ രാജാവിന്റെ ഏറ്റവും ബഹുമാന്യനായ സൈന്യാധിപനായിരുന്നു നാമാൻ. പക്ഷേ, അയാൾക്കു കുഷ്ഠം പിടിച്ചു. അക്കാലത്ത് കുഷ്ഠം ബാധിച്ചാൽ കൊട്ടാരത്തിൽ സ്ഥാനമില്ല. പക്ഷേ, രാജാവിനു നാമാനോടുള്ള താത്പര്യം മൂലം അയാളെ പുറത്താക്കിയില്ല. യുദ്ധത്തിൽ പിടിയിലായി വന്ന ഒരു ഇസ്രയേൽക്കാരി പരിചാരിക കൊട്ടാരത്തിലുണ്ടായിരുന്നു. അവർ നാമാന്റെ ഭാര്യയോടു പറഞ്ഞു: “യജമാനൻ ഞങ്ങളുടെ രാജ്യത്ത് എലീശാ എന്നു പറയുന്ന പ്രവാചകന്റെ അടുത്തു ചെന്നിരുന്നെങ്കിൽ അദ്ദേഹം പ്രാർഥിച്ചു സുഖപ്പെടുത്തുമായിരുന്നു”. നാമാൻ ഇതു കേട്ട് വിശ്വസിച്ചു. സിറിയ രാജാവ് നാമാന് കത്തു കൊടുത്തുവിട്ടു.
► ഭൃത്യർ പറയുന്നത്
അവിടെ ചെല്ലുന്പോൾ പ്രശ്നങ്ങൾ പലത്. സിറിയ രാജാവ് യുദ്ധത്തിനു കാരണമുണ്ടാക്കാൻ വിട്ടതാണോയെന്ന് ഇസ്രയേൽ രാജാവ് സംശയിച്ചു, ദേഷ്യപ്പെടുന്നു. അതറിഞ്ഞ് ഏലീശ നാമാനെ വിളിപ്പിക്കുന്നു. അങ്ങനെ നാമാൻ ഏലീശയുടെ പക്കലെത്തി. നാമാനോട് ജോർദാനിൽ പോയി ഏഴ് പ്രാവശ്യം കുളിക്കാൻ പറയുന്നു. എന്നാൽ, അതു കേട്ടിട്ട് നാമാനു ദേഷ്യമാണ് വരുന്നത്. സിറിയയിൽ നല്ല തെളിനീരുള്ള ജലാശയങ്ങളുണ്ട്. ജോർദാൻ നദിയിൽ എപ്പോഴും വെള്ളം കുറവായതിനാൽ വേനൽക്കാലത്ത് കലങ്ങിക്കിടക്കും. കളിയാക്കാനാണോ ഏലീശ പറയുന്നതെന്നു തോന്നിയ നാമാൻ ക്രൂദ്ധനായി മടങ്ങുന്നു. അപ്പോൾ നാമാന്റെ ഭൃത്യന്മാർ അവനൊരു കൗണ്സലിംഗ് കൊടുക്കുന്നു. ഇതിനേക്കാൾ വലിയ കാര്യങ്ങളാണ് രോഗം സുഖപ്പെടാൻ പ്രവാചകൻ പറഞ്ഞിരുന്നെങ്കിൽ അങ്ങു ചെയ്യുമായിരുന്നല്ലോ എന്നു ചോദിച്ചു. അപ്പോൾ നാമാനു ബോധോദയമുണ്ടായി. അവൻ പോയി ജോർദാനിൽ കുളിച്ച് രോഗമുക്തി നേടി. ഇതാണ് ചരിത്ര സംഭവം.
► ഈ കഥാപാത്രങ്ങൾ
പക്ഷേ, ഇവിടെ ധ്യാനിക്കേണ്ട കഥാപാത്രങ്ങൾ പലരുണ്ട്. പരിചാരികയാണ് ഇതിന്റെ പിന്നിലെ ഒരു ശക്തി. ക്രൂദ്ധനായി മടങ്ങിയ നാമാനെ തിരിച്ചു വിളിക്കുന്ന ഭൃത്യരാണ് മറ്റൊരു കൂട്ടർ. ദൈവത്തിന്റെ പ്രവൃത്തികൾ പലപ്പോഴും വെളിവാകുന്നത് എളിയ മനുഷ്യരിലൂടെയാണ്. അതുകൊണ്ടാണ് ഈശോ പറഞ്ഞത്: ഈ ചെറിയവരിൽ ആരെയും നിന്ദിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക. സ്വർഗത്തിൽ അവരുടെ ദൂതന്മാർ എന്റെ സ്വർഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദർശിച്ചുകൊണ്ടിരിക്കുകയാണ് (മത്തായി 18:10-11). ഈ എളിയവൻ നിലവിളിച്ചു, കർത്താവ് കേട്ടു; എല്ലാ കഷ്ടതകളിലുംനിന്ന് അവനെ രക്ഷിക്കുകയും ചെയ്തു(സങ്കീ 34:6).
നാമാന്റെ വിശ്വാസത്തെപോലും ഇസ്രായേലിന്റെ വിശ്വാസത്തിലേക്കു മാറ്റിയെടുക്കാൻ പ്രവർത്തിക്കുന്ന വലിയ പ്രേഷിതയാണ് ആ പരിചാരിക. അതുപോലെ ഏലീശ പ്രവാചകനിൽ ഭൃത്യന്മാർ നാമാനേക്കാൾ ശക്തമായി വിശ്വസിച്ചു. നാമാനേക്കാൾ വേഗത്തിൽ ഭൃത്യന്മാർക്ക് പ്രവാചകനെ വിശ്വസിക്കാൻ കഴിഞ്ഞു എന്നതു ശ്രദ്ധേയം. നമ്മുടെ വിശ്വാസം ലളിതമായിരിക്കാനും അത് ഒത്തുതീർപ്പിനു വിധേയമാകാതിരിക്കാനും നോന്പുകാലത്തു പ്രത്യേകം ശ്രദ്ധിക്കണം. നീ ആരാണെന്നുള്ളതല്ല, നിന്റെ വിശ്വാസം എന്താണെന്നുള്ളതാണ് ദൈവത്തിനു സ്വീകാര്യം.
Kerala
നമ്മൾ സ്ഥലങ്ങൾ വാങ്ങിക്കുന്പോൾ പ്രമാണം ചെയ്യാൻ രജിസ്ട്രാർ ഓഫീസിൽ പോകും. പക്ഷേ, നമുക്കു പ്രമാണം ചെയ്യുന്പോൾത്തന്നെ ചിലപ്പോൾ അതിന്റെ കോപ്പി കിട്ടണമെന്നില്ല. അപ്പോൾ ആധാരം എഴുതിയ ആൾ നമ്മളോടു പറയും ഇരുപതു ദിവസം കഴിയുന്പോൾ കോപ്പി കിട്ടും. എന്തുകൊണ്ടാണ് നിയമപ്രകാരം ഇരുപതു ദിവസം താമസിക്കുന്നതെന്നു ചോദിക്കുന്പോൾ അവർ പറയും, ആർക്കെങ്കിലും ആക്ഷേപം ഉന്നയിക്കാൻ സർക്കാർ ഒരു സമയം കൊടുക്കുന്നതാണെന്ന്.
നമ്മുടെ അവകാശത്തിൽ വേറെ ആരെങ്കിലും ആക്ഷേപം ഉന്നയിച്ചു കഴിഞ്ഞാൽ പോക്കുവരവ് ചെയ്യാൻ പറ്റില്ല, നികുതി അടയ്ക്കാൻ പറ്റില്ല, നമ്മുടെ സ്വന്തമാക്കി ഉപയോഗിക്കാനും പറ്റില്ല. പലപ്പോഴും ഇതുപോലെ നമ്മുടെ ആധ്യാത്മിക ജീവിതത്തിലും സംഭവിക്കും.
ശ്രദ്ധിക്കേണ്ട കാര്യം
നമ്മൾ നോന്പുകാലത്ത് അനേകം പുണ്യപ്രവൃത്തികളും പരസ്നേഹ പ്രവൃത്തികളും പ്രാർഥനാജീവിതവും ശക്തമാക്കുകയും പുഷ്കലമാക്കുകയും ചെയ്യും. പക്ഷേ, നമ്മൾ ശ്രദ്ധിക്കേണ്ട വിഷയം നമ്മുടെ ആധ്യാത്മികതയിൽ ആരും ആക്ഷേപം ഉന്നയിക്കരുത്. അതു കൂടി നമ്മൾ ഇതിൽ ഉറപ്പാക്കണം.
ഇക്കാലത്തെ ഏറ്റവും വലിയ ഒരു കുഴപ്പം അടുത്തുള്ളവരെ പ്പോലും നമുക്ക് അറിയില്ല എന്നതാണ്. അയൽവാസികൾ ആരൊക്കയാണെന്നു പോലും ചിലർക്ക് അറിയില്ല. മറ്റുള്ളവന്റെ ഗതികേടുകളെകുറിച്ചു ചിലർക്ക് ആകുലതകളേയില്ല. അതൊന്നും എന്റെ കാര്യമല്ല എന്ന ചിന്തയാണ് അവർക്ക്.
ആക്ഷേപരഹിതം
ഇവരൊക്കെ അനാഥാലയങ്ങൾ സന്ദർശിച്ചിട്ട് അവിടെ കുറച്ചു പണം കൊടുത്തിട്ടു പോകും. ചിലർ അവിടെ കുറച്ചുനേരം ചെലവഴിക്കും. അപ്പോൾ തങ്ങളുടെ എല്ലാ കടമകളും തീർന്നെന്ന് അവർക്കു തോന്നും. പക്ഷേ, മനുഷ്യരുടെ മുന്നിൽ ഇതെല്ലാം ഓക്കെയാണ്. എന്നാൽ, ദൈവം നമ്മുടെ പ്രവൃത്തികളുടെ മേൽ ആക്ഷേപം ഉന്നയിച്ചാൽ നമ്മൾ ചെയ്യുന്ന സത്പ്രവൃത്തികളുടെ ഗുണം നമുക്ക് അനുഭവിക്കാൻ പറ്റാതെ വരും. പ്രമാണം പോക്കുവരവ് ചെയ്ത് കിട്ടാത്തതുപോലെ തന്നെ ഒരു അധികാരനഷ്ടം.
അതായത് സത്പ്രവൃത്തികളുടെ ഫലങ്ങൾ നമുക്ക് അനുഭവിക്കാൻ കഴിയാത്ത അവസ്ഥ. ചുങ്കക്കാരൻ ഫരിസേയനേക്കാൾ നീതീകരിക്കപ്പെട്ടു വീട്ടിലേക്കു മടങ്ങി എന്നു പറയുന്പോൾ ഫരിസേയന്റെ സത്പ്രവൃത്തികൾ ആക്ഷേപരഹിതം അല്ലായിരുന്നു എന്നുള്ള സൂചനയാണ് അവിടെയുള്ളത്. സത്പ്രവൃത്തികൾ ചെയ്യാം. പക്ഷേ, ദൈവം അതിൽ ആക്ഷേപം ഉന്നയിക്കാതിരിക്കാൻ നോന്പുകാലത്തു പ്രത്യേകം ശ്രദ്ധിക്കണം.
Kerala
ഞാൻ ബലിയല്ല സ്നേഹമാണ് ആഗ്രഹിക്കുന്നത് (ഹോസിയ 6:6). ബലികളുടെയും ആത്മീയ അനുഷ്ഠാനങ്ങളുടെയും പരിക്രമണത്തിന് അപ്പുറത്ത് അതിനെയെല്ലാം സാർഥകമാക്കുന്ന ദൈവസ്നേഹത്തിന്റെ സാക്ഷ്യജീവിതമാണ് യഥാർഥ നോന്പ് ചൈതന്യം.
ഈ കാലത്തു വായിക്കപ്പെടുന്ന മറ്റൊരു സുവിശേഷമാണ് ഫരിസേയനും ചുങ്കക്കാരനും പ്രാർഥിക്കാൻ പോയ സന്ദർഭം. ഫരിസേയൻ താൻ ചെയ്ത എല്ലാ കാര്യങ്ങളും ദൈവത്തിന്റെ സന്നിധിയിൽ പറയുന്നു. ആഴ്ചയിൽ അദ്ദേഹം ഉപവസിക്കുന്നു. എല്ലാത്തിന്റെയും ദശാംശം കൊടുക്കുന്നു(ലൂക്ക 18:11-12). പക്ഷേ, ആ ചുങ്കക്കാരനിലേക്കാണ് സുവിശേഷത്തിന്റെ കാമറ തിരിയുന്നത്.
മറക്കാൻ പറ്റുമോ?
ചുങ്കക്കാരൻ ദൂരെ നിന്നു ദൈവത്തിന്റെ മുഖത്തേക്കു നോക്കാൻ പോലും യോഗ്യതയില്ലാതെ പറഞ്ഞു: കർത്താവേ പാപിയായ എന്റെമേൽ കനിയണമേ. തന്റെ പ്രവൃത്തികളിൽ അദ്ദേഹം അവലംബം വയ്ക്കുന്നില്ല, സത്പ്രവൃത്തികളെയും അദ്ദേഹം അവലംബമാക്കുന്നില്ല. സത്പ്രവൃത്തികൾകൊണ്ട് പാപം മറയ്ക്കാൻ പറ്റില്ല.
സത്പ്രവൃത്തികൾ എത്രയുണ്ടെങ്കിലും പാപത്തെ പാപമായി തിരിച്ചറിയുകയും അത് ഏറ്റുപറയുകയും ചെയ്യണമെന്നുകൂടി നോന്പുകാലം നമ്മളെ ഒാർമിപ്പിക്കുന്നു. ദൈവസന്നിധിയിൽ തന്റെ പാപാവസ്ഥകൾ ഏറ്റുപറയുന്ന അവൻ നീതീകരിക്കപ്പെട്ടവനായി എന്നു പറയുന്പോൾ ഫരിസേയൻ നീതീകരിക്കപ്പെട്ടിട്ടില്ല എന്നും ഈശോ പറയുന്നില്ല. അതേസമയം, ഫരിസേയനേക്കാൾ നീതീകരിക്കപ്പെട്ടവനായി ചുങ്കക്കാരൻ വീട്ടിലേക്കു മടങ്ങിയെന്ന് ഈശോ പറയുന്നു (ലൂക്ക 18:14).
പാപബോധം
വചനത്തിൽ പറയുന്നത് അപ്പടി അനുസരിച്ചു ജീവിക്കുന്നതു കാരണം ഫരിസേയനു പാപബോധം നഷ്ടപ്പെട്ടു എന്നതാണ് സത്യം. അതായതു വചനങ്ങൾ പാലിച്ചു ജീവിക്കുന്പോൾ തങ്ങൾക്കു പാപങ്ങൾ ഇല്ലല്ലോ എന്നുള്ള ചിന്ത ചിലർക്കുണ്ടാകും.
ഞാൻ എന്തിനാ പള്ളിയിൽ പോകുന്നത്, എന്തിനാണ് കുന്പസാരിക്കുന്നത്, ഞാൻ പാപം ഒന്നും ചെയ്തിട്ടില്ലല്ലോയെന്നു ചില വ്യക്തികൾ പറയും. ഒരുപക്ഷേ, അവർ പാപം ചെയ്യാത്തതല്ല, പാപബോധം നഷ്ടപ്പെട്ടതാകാം. ഫരിസേയനും പാപബോധം നഷ്ടപ്പെട്ട ആളാണെന്ന് പറയാം. ഇവിടെ ചുങ്കക്കാരന്റെ ഏറ്റുപറച്ചിൽ തന്നെയാണ് സുവിശേഷം വിലമതിക്കുന്നത്. ഏറ്റുപറയുന്നതിനൊപ്പം അതു വെറുത്തുപേക്ഷിക്കാൻകൂടി സത്യസന്ധമായ മനസ്താപം നമ്മെ സഹായിക്കണം.
Kerala
കർത്താവിന്റെ പീഡാനുഭവ സംഭവത്തിലെ ചില നെഗറ്റീവ് കഥാപാത്രങ്ങളിൽ ഒരാളാണ് പീലാത്തോസ്. എങ്കിലും ഒരു പോസിറ്റീവ് ആയ, സത്യസന്ധമായ ഒരു കാര്യം അദ്ദേഹം ചെയ്തത് ഓർക്കാറുണ്ട്.
അദ്ദേഹം പാപം ചെയ്തു. കുറ്റമില്ലാത്ത ചോര ഒറ്റിക്കൊടുത്തു, ജനങ്ങൾക്കു വേണ്ടിയും സ്വന്തം അധികാരം ഉറപ്പിക്കാൻ വേണ്ടിയും ഈശോയുടെ മരണവിധിക്കു കൂട്ടുനിന്നു. എങ്കിലും അദ്ദേഹത്തിന്റെ ഭാര്യ വന്ന് "ഈ മനുഷ്യന്റെ മേൽ നടപടി എടുക്കരുത്. അദ്ദേഹം മൂലം ഞാൻ രാത്രി സ്വപ്നത്തിൽ ക്ലേശിച്ചിരുന്നു. അവൻ സത്യസന്ധനാണ്' എന്നിങ്ങനെ പറഞ്ഞപ്പോൾ അദ്ദേഹം അതു വിശ്വസിച്ചു. അവൻ ന്യായാസനത്തിൽ ഉപവിഷ്ടനായിരിക്കുന്പോൾ, അവന്റെ ഭാര്യ അവന്റെ അടുത്തേയ്ക്ക് ആളയച്ച് അറിയിച്ചു: ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത്. അവൻ മൂലം സ്വപ്നത്തിൽ ഞാൻ ഇന്നു വളരെയേറെ ക്ലേശിച്ചു (മത്താ 27:19). ക്ലോഡിയ ശരിക്കും പറഞ്ഞാൽ സുവിശേഷത്തിലെ ധീരതയാർന്ന വനിതകളിൽ ഒരാളാണ്.
കൈകഴുകൽ
ഇത്രയും ജനങ്ങൾ എതിരേ സംസാരിക്കുന്പോഴും ഭർത്താവ് തന്നെ ആട്ടിയോടിക്കാൻ സാധ്യതയുള്ളപ്പോഴും അവൾ സത്യത്തിനു സാക്ഷ്യം വഹിച്ചുകൊണ്ട് കർത്താവിന്റെ ജീവൻ സംരക്ഷിക്കാൻ ശ്രമിക്കുന്നു. അവളുടെ വാക്കുകളിലെ യാഥാർഥ്യം പീലാത്തോസ് തിരിച്ചറിഞ്ഞു എന്നു വേണം കരുതാൻ. അവനെ ക്രൂശിക്കുക! ബഹളം വർധിക്കുന്നതല്ലാതെ പ്രയോജനമൊന്നും ഉണ്ടാവുന്നില്ലെന്നു മനസിലാക്കിയ പീലാത്തോസ് വെള്ളമെടുത്ത് ജനങ്ങളുടെ മുന്പിൽവച്ചു കൈ കഴുകിക്കൊണ്ടു പറഞ്ഞു: ഈ നീതിമാന്റെ രക്തത്തിൽ എനിക്കു പങ്കില്ല. അതു നിങ്ങളുടെ കാര്യമാണ് (മത്താ 27:24). പീലാത്തോസ് കൈകഴുകിക്കൊണ്ട് ആ കുറ്റം തന്റെമേൽ വീഴരുതെന്ന് ആഗ്രഹിക്കുകയും ചെയ്തു.
സ്വന്തം സുരക്ഷിതത്വം നോക്കിയാണെങ്കിലും അദ്ദേഹം ആ കുറ്റത്തെ കുറ്റമായിട്ട് അംഗീകരിച്ചു എന്നുള്ളത് ശ്രദ്ധിക്കേണ്ട കാര്യമാണ്. കൈ കഴുകുന്നതിനു പകരം ആ കൈകൊണ്ട് ഹായ് പറയുന്ന ഒരു അവസ്ഥയാണ് ഈ കാലഘട്ടത്തിന്റെ ഒരു പ്രത്യേകത. തിന്മകൾ ചെയ്യുന്നുവെങ്കിലും അതിനോടു വിയോജിക്കാൻ ചിലർക്കു പറ്റില്ല.
പക്ഷേ, ചിലർക്കു വിയോജിപ്പ് കാണിക്കാൻ പറ്റുമെങ്കിലും അവർ അതിനോടു ഹായ് പറയുന്നുമുണ്ട്. ക്രിസ്തു പകർന്ന മൂല്യങ്ങൾക്കെതിരേ പ്രതിസാക്ഷ്യം നൽകുന്ന ഒരു കാലഘട്ടത്തിൽ സത്യത്തിനോടു ചേർന്നു നിൽക്കാൻ വിശ്വാസത്തെ ഒരു വെല്ലുവിളിയായി കാണണമെന്നുള്ള നിലപാട് നോന്പുകാലത്തു നമ്മളെ പുതിയ മനുഷ്യരാക്കേണ്ടതാണ്, അതൊരു സുവിശേഷ സാക്ഷ്യമാണ്.
Kerala
പൗരോഹിത്യ ശുശ്രൂഷയുടെ ആദ്യകാലങ്ങളിൽ എന്റെ ആരോഗ്യം വളരെ ക്ഷയിച്ച സമയമായിരുന്നു. അന്ന് ഒരു ഹെഡ്മിസ്ട്രസ് ആയി വിരമിച്ച ഒരു കന്യാസ്ത്രീയെ എനിക്കു പരിചയമുണ്ടായിരുന്നു. എല്ലാ ഞായറാഴ്ചയും മൂന്നു കുർബാനയും കാറ്റിക്കിസവുമൊക്കെ കഴിഞ്ഞു സിസ്റ്ററെ സന്ദർശിക്കാൻ ചെല്ലുന്പോൾ ഒരു പാത്രം സൂപ്പ് എനിക്കു തരുമായിരുന്നു. അന്ന് എഴുപത് വയസ് എങ്കിലും കാണും അവർക്ക്. ഒരു ദിവസം ഞാൻ കാണാൻ ചെല്ലുന്പോൾ അവർ മഠത്തിന്റെ മുറിയുടെ വാതിൽക്കൽ ഒരു കസേര വലിച്ചിട്ടിരുന്ന് വരാന്തയുടെ ഇറന്പിൽ വളർന്നു തൂങ്ങിയിരുന്ന ഒരു ഇല പറിച്ചു തിന്നുകയായിരുന്നു.
അമ്മേ എന്താണ് ഈ കഴിക്കുന്നത്, ഇത് എന്തിന്റെ ഇലയാണെന്നു ഞാൻ ചോദിച്ചു. ഇതു ചക്കരക്കൊല്ലി ഇലയാണെന്നും തന്നെപ്പോലെ ഷുഗർ ഉള്ളവർ കഴിക്കുന്നതു നല്ലതാണെന്നുമായിരുന്നു സിസ്റ്ററുടെ മറുപടി. പിന്നീടാണ് രസകരമായ ഒരു സംഭവമുണ്ടായത്. ഒരു ദിവസം അവിടെ ഒരു ഫംഗ്ഷനു പോയി. അപ്പോൾ അവർ ലഡുവും ഹൽവയും കഴിക്കുന്നതു ഞാൻ കണ്ടു. അതു കണ്ട് അന്പരപ്പ് തോന്നിയെങ്കിലും ചോദിക്കാൻ പോയില്ല.
ഒരുപക്ഷേ, ഷുഗർ ഉള്ളവർക്കു മധുരത്തോട് നല്ല താത്പര്യമുണ്ടാകുമെന്നു പറയാറുണ്ടല്ലോ. തിരിച്ചുവരുന്പോൾ എന്റെ ചിന്ത ഇതായിരുന്നു, ഷുഗർ കുറയ്ക്കാൻ ഒരു ദിവസം ചക്കരകൊല്ലി ഇല തിന്നുന്നു, അടുത്ത ദിവസം ലഡു കഴിക്കുന്നു! ഇതൊട്ടും പൊരുത്തപ്പെടുന്നില്ലല്ലോയെന്നു തോന്നി. കുറെക്കാലം കഴിഞ്ഞ് സിസ്റ്ററുടെ മരണവാർത്തയറിഞ്ഞ് വീണ്ടും അവിടേക്കു പോയിരുന്നു. പക്ഷേ, ഇന്നും മനസിൽ ആ സംഭവം മായാതെ കിടക്കുന്നുണ്ട്.
അഡ്ജസ്റ്റ് ചെയ്താൽ
പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്, ചില മനുഷ്യരും ഈ ടൈപ്പ് ആണ്. അവർ പാപം ചെയ്യും, കുറച്ചു പുണ്യവും ചെയ്യും. പാപത്തെ പുണ്യംകൊണ്ട് അഡ്ജസ്റ്റ് ചെയ്യാമെന്നാണ് ചിന്തയെന്നു തോന്നുന്നു. ഏശയ്യ പ്രവാചകന്റെ പുസ്തകത്തിൽ നമ്മൾ ഇപ്രകാരം വായിക്കുന്നു: ഞങ്ങൾക്കു രക്ഷ കിട്ടുമോ? ഞങ്ങൾ അശുദ്ധനെപ്പോലെയും ഞങ്ങളുടെ സത്പ്രവൃത്തികൾ മലിനവസ്ത്രം പോലെയുമാണ്.
ഇല പോലെ ഞങ്ങൾ കൊഴിയുന്നു. കാറ്റെന്നപോലെ, ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങളെ പറപ്പിച്ചു കളയുന്നു'(ഏശ 64:6). കർത്താവ് എപ്പോഴും പറയുന്നതാണ്, സ്വർഗത്തിൽ നിങ്ങൾക്കു നിക്ഷേപം കരുതിവയ്ക്കാൻ (മത്താ 6:19). നോന്പുകാലം നിക്ഷേപം കരുതിവയ്ക്കേണ്ട കാലമാണ്. ഓരോ നോന്പ് ദിനത്തിലും നമ്മൾ ദൈവത്തിനു കടക്കാരാകാതെ, ദൈവം നമുക്കു തരാനുള്ള രീതിയിൽ ആ കണക്ക് അവസാനിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കാം.
Kerala
"ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തു ഭാഗത്തിരിക്കുക'
(സങ്കീ 110:1). നോന്പുകാലം നമ്മുടെ എല്ലാ ശത്രുക്കളെയും നമ്മുടെ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതുവരെ പ്രാർഥനയിലും ഉപവാസത്തിലും ദാനധർമങ്ങളിലും ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്ന ഒരു കാലമാണ്. മർക്കോസിന്റെ സുവിശേഷം 1:13ൽ കർത്താവിന്റെ പരീക്ഷണത്തെക്കുറിച്ചു പറയുന്പോൾ അവൻ മരുഭൂമിയിലെ വന്യമൃഗങ്ങളുടെ കൂടെ ആയിരുന്നു എന്നു പ്രത്യേകം സുവിശേഷം സൂചിപ്പിക്കുന്നുണ്ട്.
നമ്മുടെ അധമവാസനകളെയും മനുഷ്യത്വരഹിത പെരുമാറ്റങ്ങളെയും അതിനു പ്രേരിപ്പിക്കുന്ന സ്വഭാവ ദുർഗുണങ്ങളെയും നിയന്ത്രണവിധേയമാക്കുന്നതിന്റെ പശ്ചാത്തലത്തിൽകൂടിയാകാം “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലതുഭാഗത്ത് ഇരിക്കുക” എന്നു സങ്കീർത്തന വചനം വിവക്ഷിക്കുന്നത്. ആ രീതിയിൽ വ്യാഖ്യാനിക്കുന്പോൾ നോന്പുകാലത്തിന്റെ പശ്ചാത്തലത്തിൽ ഈ വചനം കുറച്ചുകൂടി അർഥപൂർണമാണ്.
വേണ്ട ഫലങ്ങൾ
കർത്താവിന്റെ വലതുഭാഗത്ത് ഇരിക്കുക എന്നു പറയുന്പോൾ ആ വലതുഭാഗത്ത് ഇരിക്കാനുള്ള യോഗ്യത, അതിന്റെ അച്ചടക്കവും ആശയടക്കങ്ങളും ആത്മീയ ചൈതന്യവും ഒരു വ്യക്തി ആർജിക്കുന്നതുകൂടി വിവക്ഷിക്കുന്നുണ്ട്. ഈ വിഷയംതന്നെ മറ്റൊരു തരത്തിൽ പറയാം. നമ്മുടെ ജീവിതത്തിലെ കഷ്ടപ്പാടുകളുടെയും രോഗങ്ങളുടെയും ഒറ്റപ്പെടലിന്റെയും ഇടം കിട്ടാത്തതിന്റെയും മറ്റു തരത്തിലുള്ള ഞെരുക്കങ്ങളുടെയുമൊക്കെ ശത്രുക്കളെ ദൈവം നമ്മുടെ കാൽച്ചുവട്ടിൽ എത്തിക്കും. പക്ഷേ, അതിനുള്ള മാർഗം ആ കാലങ്ങളിലെല്ലാം ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുക എന്നതാണ്. ക്ഷമ, ദയ, നന്മ, വിശ്വസ്തത, ആത്മസംയമനം തുടങ്ങി പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ ഉള്ളവർക്കാണ് ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കാൻ യോഗ്യതയുള്ളത്.
അപ്പോൾ വലതുഭാഗത്ത് ഇരിക്കുക എന്നു പറയുന്പോൾ വെറുതെ കയറി അവിടേക്ക് ഇരിക്കുക എന്നല്ല ഉദ്ദേശിക്കുന്നത്. വലതുഭാഗത്ത് ഇരിക്കാനുള്ള യോഗ്യത നേടുന്നത് (ഗലാ 5:22) തിരുവചനം അനുസരിച്ചുകൂടിയാണ്. അതിനെതിരായിട്ടുള്ള മദ്യപാനം, മദിരോത്സവം അവയും അവയ്ക്കു സമാനമായ മറ്റ് സ്വഭാവ ദൂഷ്യങ്ങളും (ഗലാ 5:19) ആശയടക്കങ്ങളിലൂടെയും ആത്മശക്തീകരണത്തിലൂടെയും മനുഷ്യൻ തരണം ചെയ്യേണ്ട കാലം കൂടിയാണിത്. നമ്മുടെ തിന്മകളെ, നമ്മൾ അനുഭവിക്കുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ സാധിക്കുന്ന രീതിയിൽ നമ്മൾ ദൈവത്തോടു ചേർന്നുനിൽക്കണം. അപ്പോഴാണ് ദൈവം നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കുക. അതിനു സഹായിക്കുന്നതാണ് നോന്പുകാലം എന്നുകൂടി ഈ വചനത്തിന് അർഥമുണ്ട്.
Kerala
ധൂർത്തപുത്രന്റെ ഉപമയിലെ മറ്റു ചില ചിന്തകൾ നോക്കാം. തന്നിൽനിന്ന് ഒരു ക്ഷണം മൂത്തമകനും സങ്കടംകൊണ്ട് അകന്നു പോകുമോ? ഇളയ മകന്റെ ദുരന്തങ്ങൾ ഏറ്റുവാങ്ങിയ അപ്പനു മൂത്തമകനെയും നഷ്ടപ്പെടുമോ എന്നുള്ള അവസ്ഥയിലാണ് അപ്പൻ പുറത്തേക്കു വരുന്നത്.
അവനോടു സാന്ത്വനങ്ങൾ പറയുന്നു. തന്നെ കേൾക്കാൻ മനസായ അപ്പന്റെ മുൻപിൽ മകന്റെ ഹൃദയം തേങ്ങി. അയാളുടെ ഒരു സങ്കടം, തന്റെ അനുജൻ വേശ്യകളുടെ കൂടെ സ്വത്ത് ധൂർത്തടിച്ചതാണ്. ഇവിടെ അപ്പന്റെ മറുപടി നോക്കൂ. ഇളയ മകനോട് ഒന്നും സംസാരിക്കാതിരുന്ന അപ്പൻ മൂത്ത മകനോടു വാചാലനാകുന്ന കാഴ്ച. വാസ്തവത്തിൽ അതു മാത്രം മതിയല്ലോ യഥാർഥ ദൈവവിശ്വാസിക്ക്.
സ്പർശിച്ച വാചകം
ഒരുപക്ഷേ, ഭൗതിക നേട്ടം മാത്രം ലക്ഷ്യമിടുന്നവർക്കു മൂത്തമകന്റെ കഥ ഒരു തിരിച്ചടിയും ഒരു തിരിഞ്ഞുനോട്ടത്തിനു സഹായകവുമാണ്. മകനെ നീ എപ്പോഴും എന്നോടു കൂടെയുണ്ടല്ലോ എന്ന പിതാവിന്റെ വാചകമാണ് അവനെ സ്പർശിക്കുന്നത്. ഇതു ബൈബിളിലെ വലിയ സ്വർഗാനുഭവമാണ്.
പണ്ട് പത്രോസ് ചോദിച്ചില്ലേ, ഞങ്ങളെല്ലാം ഉപേക്ഷിച്ചു നിന്നെ അനുഗമിച്ചല്ലോ. ഞങ്ങൾക്ക് എന്താണ് ലഭിക്കുക?. മൂത്തമകനു കൊടുത്ത അതേ മറുപടി അപ്പോൾ ഈശോയിൽനിന്നു കേൾക്കാം. "നിങ്ങൾ എന്നോട് കൂടെ ഇരുന്ന് ഇസ്രായേലിലെ 12 ഗോത്രങ്ങളെ ഭരിക്കും (മത്തായി 19:27-28). ദൈവത്തെ സംബന്ധിച്ച് സ്വർഗം എന്നതു തന്റെ മക്കളുടെ കൂടെ ആയിരിക്കുന്ന അവസ്ഥയാണ്. ഭൂമിയിലായാലും മറ്റെവിടെയായാലും ഈ കമ്യൂണിയൻ ദൈവം ആഗ്രഹിക്കുന്ന ഏറ്റവും വലിയ ആധ്യാത്മിക അവസ്ഥയാണ്.
ദുരുപയോഗിച്ചാൽ
അതെല്ലാം വിട്ടിട്ട് ഭൗതികമായ നേട്ടത്തിനു വേണ്ടി മാത്രം നോക്കുന്ന ജഡിക മനുഷ്യനെ ദൈവം അവന്റെ വഴിക്കുവിടുന്നതു ധൂർത്തപുത്രന്റെ ഉപമയിൽ നമ്മൾ കണ്ടല്ലോ. മൂത്തമകനോടു പറഞ്ഞതു പോലെ ഒരു വാക്ക് ഇളയവനോടു പറഞ്ഞിരുന്നെങ്കിൽ അവൻ ഇത്രയ്ക്കു നശിക്കില്ലായിരുന്നു എന്നു തോന്നുന്നുണ്ടോ? എന്നാൽ, ഓരോരുത്തരുടെ കൈയിലിരിപ്പ്, സ്വഭാവം ഒക്കെ അറിഞ്ഞാണ് ദൈവം പലപ്പോഴും ഒരു വ്യക്തിക്കുമേൽ ഇടപെടുന്നത്.
കാരണം ദൈവം മനുഷ്യന്റെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു. തന്റെ തീരുമാനത്തിൽനിന്നു മാറാൻ യൂദാസ് തയാറല്ലെന്നു കാണുന്പോൾ യേശു ചെയ്തതും അതുതന്നെ. അപ്പം മുക്കി അവനു കൊടുത്തിട്ടു പറയുന്നു, നീ ചെയ്യാനിരിക്കുന്നതു വേഗം ചെയ്യുക. ദൈവം നൽകിയ ആ സ്വാതന്ത്ര്യത്തെ നാം മാനിക്കണം. എന്നാൽ, സ്വയം നശിക്കാനായി അത് ഉപയോഗിക്കരുതെന്നുകൂടി ധൂർത്തപുത്രന്റെ കഥ നമ്മെ ഈ നോന്പുകാലത്ത് ഒാർമിപ്പിക്കുന്നു.
Kerala
ചിലർ ദൈവത്തിൽനിന്ന് അകലാൻ കാരണം അവരുടെ പ്രാർഥനയ്ക്ക് അവർ പറയുന്ന സമയത്തും പറയുന്ന വിധത്തിലും ഉത്തരം കിട്ടിയില്ല എന്നുള്ളതായിരിക്കും. ധൂർത്തപുത്രന്റെ കഥയിൽ നമുക്കു വീണ്ടും ധ്യാനിക്കാൻ വിഷയങ്ങളുണ്ട്. ദൈവത്തെ വിശ്വസിക്കാനും കൂടെ നിർത്താനും കഴിയാത്ത പ്രകൃതമായിരുന്നു ധൂർത്തപുത്രന്റേത്. അതുകൊണ്ടാണ് തന്റെ ഓഹരി തനിക്കു തരിക എന്നു പറയുന്പോൾത്തന്നെ അപ്പൻ അവന്റെ ആവശ്യം അംഗീകരിക്കുന്നത്. ഇളയവൻ പിതാവിനോടു പറഞ്ഞു: പിതാവേ, സ്വത്തിൽ എന്റെ ഓഹരി എനിക്കു തരിക. അവൻ സ്വത്ത് അവർക്കായി ഭാഗിച്ചു'' ലൂക്കാ 15:12.
അവന്റെ ഓഹരി
അവന്റെ ഓഹരി അപ്പോൾത്തന്നെ വെട്ടിമുറിച്ചു ഭാഗിച്ച് അവനു കൈയിൽ കൊടുക്കും. താമസിയാതെ അവൻ അതുംകൊണ്ട് രാജ്യം വിട്ടു പോകും, ആ ദേശം വിട്ടു പോകും. ഈ കഥയുടെ പതിനഞ്ചാം അധ്യായത്തിന്റെ ഇരുപത്തിയൊന്പതാം വാക്യത്തിൽ വരുന്പോൾ ഇതുപോലെ ഒരു ചോദ്യം മൂത്തമകൻ അപ്പനോടു ചോദിക്കുന്നുണ്ട്. ഒരു ആട്ടിൻകുട്ടിയെ പോലും തനിക്കു തന്നിട്ടില്ലല്ലോയെന്നാണ് അവന്റെ പരിഭവം. ഈ ആട്ടിൻ കുട്ടികളെല്ലാം അവന്റെ കസ്റ്റഡിയിലും നിയന്ത്രണത്തിലും മേൽനോട്ടത്തിലുമാണ്. എത്ര തള്ള ആട് പ്രസവിക്കുന്നുണ്ട്, എത്ര കുഞ്ഞുങ്ങളുണ്ട്... അതൊക്കെ അവൻ പറയുന്ന കണക്കാണ്. എങ്കിലും ആ കണക്കിലൊക്കെ അവൻ വിശ്വസ്തനാണ്. അവനും ചെയ്യുന്നത് ഒരു ദാസ്യവേലയാണെന്നുതന്നെ അവൻ പ്രത്യേകം പറയുന്നുണ്ട്. "നോക്കൂ എത്ര വർഷമായി ഞാൻ നിനക്കു ദാസ്യവേല ചെയ്യുന്നു. ഒരിക്കലും നിന്റെ കല്പന ഞാൻ ലംഘിച്ചിട്ടില്ല. എങ്കിലും എന്റെ കൂട്ടുകാരുടെ അടുത്ത് ആഹ്ലാദിക്കാൻ നീ എനിക്ക് ഒരു ആട്ടിൻ കുട്ടിയെ പോലും തന്നില്ല.'
ചില സമയത്തു ദൈവത്തിന്റെ മുന്നിൽ നിൽക്കുന്പോൾ നമ്മൾ ഈ ഭാഗം ഏറെ സമയമെടുത്തു ധ്യാനിക്കണം. ചിലർക്കു ചില കാര്യങ്ങൾ പെട്ടെന്നു സാധിച്ചു കിട്ടും. ജോലി കിട്ടും, വീട് കിട്ടും, വിവാഹം നടക്കും, മക്കളെ കിട്ടും. എന്നാൽ, ചിലർക്കു വൈകിയേ ഇവയെല്ലാം കിട്ടൂ. ഒരു പക്ഷേ ആ താമസിച്ചു കിട്ടുന്ന ആൾക്കാർ ആയിരിക്കും ദൈവത്തോടു കൂടുതൽ അടുപ്പമുള്ളവർ. പ്രാർഥനയും വിശുദ്ധ ജീവിതവും ഉപവി പ്രവർത്തനവും കുടുംബത്തോടുള്ള ഉത്തരവാദിത്തവുമൊക്കെ ഉള്ളവർ. പക്ഷേ, അവർക്കു ദൈവത്തിൽനിന്ന് അല്ലെങ്കിൽ കുടുംബത്തിൽനിന്നു കിട്ടുന്ന ആനുകൂല്യങ്ങൾ ചുരുക്കം. ചിലപ്പോൾ ഒന്നും കിട്ടിയില്ലെന്നും വരാം.
പ്രതിബദ്ധത
ഒരു പ്രതിബദ്ധതയും ഇല്ലാത്ത ധൂർത്തപുത്രനെ പോലുള്ളവർ ചോദിക്കുന്പോൾ ഉടൻ കൊടുക്കുകയും ചെയ്യും. ഇതാണ് വിശ്വാസ ജീവിതത്തിലെ ഒരു പ്രധാന ചതിക്കുഴി എന്നു പറയുന്നത്. നമ്മുടെ സത്യസന്ധത ചില സമയത്തു അംഗീകരിക്കപ്പെടുന്നില്ലെന്നു തോന്നുകയും അസത്യങ്ങൾക്കു സത്യത്തേക്കാൾ വില കിട്ടുന്നതായി അനുഭവപ്പെടുകയും ചെയ്യും. ഇതു വിശ്വാസത്തിന്റെ പരീക്ഷണമാണ്. അതിനു ദൈവത്തിന്റേതായ കാരണവുമുണ്ട്. അത് ആ അപ്പൻ പിന്നീട് പറയുന്നുണ്ട്, നിനക്കുള്ള ആനുകൂല്യം ഭൗതിക സാഹചര്യം മാത്രമല്ല. ധൂർത്തപുത്രനെപ്പോലെ കിട്ടിയതു മേടിച്ചുകൊണ്ട് പോകാൻ ശ്രമിച്ചാൽ നീ മറ്റൊരു ധൂർത്തപുത്രനായി മാറുമെന്നല്ലാതെ മറ്റൊരു പ്രയോജനമില്ല.
അതിനാൽ ഏതെങ്കിലും കാരണവശാൽ ദൈവത്തോട് അടുത്തു നിൽക്കുന്നവരും വചനപ്രതിബദ്ധതയോടെ ജീവിക്കുന്നവരും മടുപ്പ് തോന്നാതിരിക്കാൻ ധൂർത്തപുത്രനെ കൂടാതെ മൂത്തമകനെ ശ്രദ്ധിക്കാം. നോന്പുകാലത്തു ദൈവത്തോടു നന്ദി പറയാം. കിട്ടിയതിനു മാത്രമല്ല കിട്ടാത്തതിനും.
Kerala
ദീർഘനാൾ പ്രത്യേക സാഹചര്യംകൊണ്ട് നമ്മൾ ദൈവത്തിൽനിന്ന് അകന്നുനിൽക്കുന്നു എന്നു കരുതട്ടെ. പ്രാർഥനാജീവിതവും മരവിച്ച മട്ടാണ്. ജീവിത പ്രതിസന്ധി രൂക്ഷമായപ്പോഴെല്ലാം ദൈവത്തെ തള്ളിപ്പറഞ്ഞിട്ടുമുണ്ട്. അങ്ങനെ ദൈവവുമായുള്ള ഒരു വൈകാരിക ബന്ധംതന്നെ മുറിയപ്പെട്ടതായി തോന്നുന്ന സമയം. അങ്ങനെ ദൈവത്തിൽനിന്നു നമ്മൾ എത്ര അകന്നുപോയാലും തിരിച്ചുവരാൻ അവസരമുണ്ട്.
ഇതിനു ചിലർക്ക് അവരുടെ പൂർവികരുടെ പ്രാർഥനയോ ബന്ധുക്കളുടെയും ഉറ്റവരുടെയും ഉടയവരുടെയും മധ്യസ്ഥപ്രാർഥനയോ സഹായകമായേക്കാം. അല്ലെങ്കിൽ തങ്ങളുടെതന്നെ ആത്മാവിലെ അജ്ഞാതമായ ഒരു ആകർഷണംകൊണ്ടോ തങ്ങളുടെ പഴയ ദൈവാനുഭവങ്ങൾ ഇപ്പോഴും പച്ചകെടാതെ നിലനിൽക്കുന്നതുകൊണ്ടോ ദൈവത്തിലേക്കു തിരിച്ചുവരാം. മറ്റു ചിലപ്പോൾ ഒരു ധ്യാനപ്രസംഗം കേട്ടതുകൊണ്ടോ ദൈവവചനം ശ്രവിച്ചതുകൊണ്ടോ മനുഷ്യർ തിരിച്ചുവന്നേക്കാം.
►മൗനം, ഉത്തരം◄
ഇങ്ങനെ തിരിച്ചുവന്നാൽ എല്ലാം പൂർത്തിയായെന്നു കരുതരുത്. അതിനു ശേഷവും ചിലപ്പോൾ ആത്മീയമായ ഒരു ശൈത്യകാലം അനുഭവപ്പെട്ടേക്കാം. പ്രത്യേകിച്ച് നമ്മുടെ പ്രാർഥനകൾക്കു ദൈവം പെട്ടെന്ന് ഉത്തരം നൽകണമെന്നില്ല. ദൈവാനുഭവത്തിലേക്കു പെട്ടെന്നു വരണമെന്നും നിർബന്ധമില്ല. അതിന്റെകൂടി പൊരുളറിയാൻ ധൂർത്തപുത്രന്റെ കഥയുടെ പുനർവായന നമ്മെ സഹായിക്കും.
നേരത്തേ കണ്ടതുപോലെ നിരവധി ഏറ്റുപറച്ചിലുകളുമായിട്ടാണ് അവൻ തിരിച്ചുവരുന്നത്. "അങ്ങയുടെ മകൻ എന്ന പേരിനു ഞാൻ യോഗ്യനല്ല, അങ്ങയുടെ ദാസരിൽ ഒരുവനായി എന്നെ സ്വീകരിക്കേണമേ, ഞാൻ എഴുന്നേറ്റ് എന്റെ പിതാവിന്റെ അടുത്തേക്കു പോകും. ഞാൻ അങ്ങയോടു പറയും: പിതാവേ സ്വർഗത്തിനെതിരായും നിന്റെ മുന്നിലും ഞാൻ പാപം ചെയ്തു. നിന്റെ പുത്രൻ എന്നു വിളിക്കപ്പെടാൻ ഞാൻ ഇനി യോഗ്യനല്ല' (ലൂക്കാ 15:18-19).
ആ പിതാവ് അവനെ കാത്തിരുന്നതുപോലെ അടുത്തുവന്നു കെട്ടിപ്പിടിച്ച് ചുംബിക്കുന്നു, ഹൃദയംഗകമമായി സ്വീകരിക്കുന്നു, അവനുവേണ്ടി കൊഴുത്ത കാളക്കുട്ടിയെ കൊല്ലുന്നു, മകനായി നിലനിർത്തുന്നതിന്റെ സൂചനയായി കൈയിൽ വളകൾ ധരിപ്പിക്കുന്നു, കാലിൽ ചെരുപ്പ് ഇടീക്കുന്നു. പക്ഷേ, അവനോട് ഒന്നും സംസാരിക്കുന്നില്ല എന്നു കാണാം. അപ്പൻ ചെയ്യാനുള്ളതെല്ലാം ചെയ്യുന്നു. പക്ഷേ, മകനോടുള്ള സംഭാഷണം ഉടനെ പുനഃസ്ഥാപിക്കുന്നില്ല. സംഭാഷണം പുനഃസ്ഥാപിക്കാത്തിടത്തോളം കാലം നമ്മുടെ പ്രാർഥനകൾ ഇങ്ങനെ ഡ്രൈ ആയിട്ടുതന്നെ നമുക്ക് അനുഭവപ്പെടും.
►വാതിൽ തുറക്കാൻ◄
മാനസാന്തരപ്പെടാം, ദൈവത്തിലേക്കു മടങ്ങിവരാം, അപ്പോഴും നമ്മുടെ പ്രാർഥനാജീവിതം ഒരു വരൾച്ചയെ നേരിടുന്നതായി നമുക്കു തോന്നിയേക്കാം. എന്നാൽ, ഈ സമയം പതറരുത്. നമ്മൾ പ്രായശ്ചിത്ത പ്രവർത്തനങ്ങളുമായി സത്യസന്ധമായി മുന്നോട്ടു പോകണം. പതുക്കെ പതുക്കെ ദൈവം തന്റെ ആത്മബന്ധത്തിന്റെ പടിവാതിൽ തുറക്കും.
പ്രാർഥിക്കാനുള്ള വരപ്രസാദം പുനഃസ്ഥാപിച്ചു ദൈവം നമ്മെ സഹായിക്കുന്നതുവരെ ആ പ്രായശ്ചിത്ത പ്രവൃത്തികൾ തുടരുന്നതാണു നല്ലത്. ഇതാണ് ധൂർത്തപുത്രൻ നമ്മളെ അനുസ്മരിപ്പിക്കുന്ന പ്രധാന സന്ദേശം. മൗനിയായ അപ്പനും, അതേസമയംതന്നെ വാചാലനായ ധൂർത്തപുത്രനും ഉൾപ്പെടുന്ന ഉപമയിലെ ഈ സന്ദേശം കണക്കിലെടുത്തു ദൈവസ്നേഹത്തിലേക്കു കൂടുതൽ മുതൽമുടക്കാം.
Kerala
മാനസാന്തരത്തെക്കുറിച്ചു പറയുന്പോൾ പലരുടെയും മാനസാന്തരങ്ങളിൽ ദൈവത്തിനു പ്രത്യേക റോൾ ഇല്ല എന്നു തോന്നിയിട്ടുണ്ട്. പലരും പേടിക്കുന്നതു മനുഷ്യനെയാണ്, ദൈവത്തെയല്ല. എന്നാൽ, മാനസാന്തരത്തിലൂടെ ദൈവത്തിങ്കലേക്കു തന്നെയാണ് തിരിച്ചുവരേണ്ടതെന്നു ധൂർത്തപുത്രൻ നമ്മെ ഓർമിപ്പിക്കുന്നു.
യഥാർഥ മാനസാന്തരം
യഥാർഥ മാനസാന്തരം വഴി മനുഷ്യനിലേക്കും ദൈവത്തിങ്കലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും ഒരുമിച്ചു തിരിച്ചുവരാൻ ധൂർത്തപുത്രനു കഴിയുന്നു. ആ വാക്കുകൾ ശ്രദ്ധിക്കൂ, അങ്ങേയ്ക്കെതിരായും സ്വർഗത്തിനെതിരായും എന്നാണ് ഏറ്റുപറച്ചിൽ. അളന്നു തൂക്കിയുള്ള വാക്കുകൾ. മുഴുവൻ മനോവ്യഥകളും പശ്ചാത്താപവും പ്രകടമാകുന്ന വാക്കുകളാണിത്.
അതുപോലെ വീട്ടിലെ വേലക്കാരിൽ ഒരാളായി കണ്ടാൽ മതി എന്നതു പ്രായശ്ചിത്തമായി പറയുന്നതാണ്. അതിന്റെ അർഥം താൻ നഷ്ടപ്പെടുത്തിയ സ്വത്ത് അപ്പന്റെ കുടുംബത്തിൽനിന്നുകൊണ്ടു വേല ചെയ്തായാലും വീട്ടിക്കൊള്ളാമെന്നാണ്. ഈ കൊടുത്തുവീട്ടൽ എന്നതു ബൈബിളിലെ പ്രധാനപ്പെട്ട ഒരു ചിന്തയാണ്. കർത്താവ് മറ്റൊരു കഥയിലും ഇതു സൂചിപ്പിക്കുന്നു, മത്താ 18:25-26. അതായത് നൂറ് ദനാറ കടപ്പെട്ട ഭൃത്യനെ രാജസമക്ഷം ഹാജരാക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയും എല്ലാം അതിനു ജാമ്യമായിട്ടു വയ്ക്കാൻ വേണ്ടി യജമാനൻ പറയുന്പോൾ അദ്ദേഹം അഭ്യർഥിക്കുന്നത് എനിക്ക് അല്പം സാവകാശം തരണേ, ഞാൻ എല്ലാം തന്നു വീട്ടിക്കൊള്ളാമെന്നാണ്.
“അവന് അതു വീട്ടാൻ നിർവാഹമില്ലാതിരുന്നതുകൊണ്ട് അവനെയും ഭാര്യയെയും മക്കളെയും അവന്റെ സമസ്ത വസ്തുക്കളെയും വിറ്റു കടം വീട്ടാൻ യജമാനൻ കൽപ്പിച്ചു. അപ്പോൾ സേവകൻ വീണു നമസ്കരിച്ചുകൊണ്ടു പറഞ്ഞു: പ്രഭോ, എന്നോടു ക്ഷമിക്കണമേ! ഞാൻ എല്ലാം തന്നു വീട്ടിക്കൊള്ളാം''. പിന്നീടയാൾക്കു കരുണ കിട്ടിയെങ്കിലും അയാൾ കൊടുത്തു വീട്ടിയില്ല. ഇതേപോലെ തനിക്കു കടം തരാനുള്ളവനോടു കാരുണ്യം കാണിച്ചതുമില്ല. അതുമൂലം പിന്നീട് യജമാനന് ആ നിർദയനെ തുറുങ്കിലടക്കേണ്ടി വന്നു (മത്താ 18:34).
ഉത്തമ പ്രായശ്ചിത്തം
അപ്പോൾ, തന്നുവീട്ടുക എന്നു പ്രധാനമാണ്. അബദ്ധങ്ങൾ സംഭവിക്കുകയും ദൈവത്തിന്റെ കൃപ നഷ്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിൽ നമ്മൾ കൊടുത്തു വീട്ടുന്നതിനു പകരം പലപ്പോഴും പ്രായശ്ചിത്തം പറഞ്ഞു വീട്ടുകയാണ് ചെയ്യുന്നത്. എന്നാൽ, ബൈബിൾ മുന്നോട്ടു വയ്ക്കുന്ന ഉത്തമമായ മനസ്താപത്തിൽ പ്രായശ്ചിത്തം ചെയ്തു വീട്ടുന്ന കാര്യമാണ് പറയുന്നത്. ഞാൻ എല്ലാം ചെയ്തു വീട്ടിക്കൊള്ളാം, ഞാൻ തന്നു വീട്ടിക്കൊള്ളാം എന്നിങ്ങനെ. നാവുകൊണ്ടുള്ള വർത്തമാനത്തേക്കാൾ ജീവിതം കൊണ്ടുള്ള ഒരു പ്രവർത്തനമായിട്ടാണ് ഉത്തമ പ്രായശ്ചിത്തത്തെയും മാനസാന്തരത്തെയും ബൈബിൾ പരിഗണിക്കുന്നത്. നമുക്കും ആ വചന വഴിയെ സഞ്ചരിക്കാം.
Kerala
ലൂക്കയുടെ സുവിശേഷം പതിനഞ്ചാം അധ്യായത്തിൽ വിവരിക്കുന്ന ധൂർത്തപുത്രന്റെ കഥ നോന്പുകാലത്തു പ്രത്യേകം ധ്യാനിക്കേണ്ട പ്രമേയമാണ്. ഈ കഥയിൽ നമ്മൾ വേണ്ടത്ര ശ്രദ്ധിക്കാത്ത ഒരു ഇടത്തെക്കുറിച്ചു സന്ദേശമുണ്ട്.
തന്റെ പിതാവിന്റെ പക്കൽനിന്ന് ഓഹരി കൈപ്പറ്റി വിദൂരദേശത്തേക്കു പോവുകയും സ്വത്തുക്കൾ ധൂർത്തടിച്ചു കളയുകയും ചെയ്തശേഷം മാനസാന്തരം വരുന്ന ധൂർത്തപുത്രൻ. ഒടുവിൽ തന്നോടുതന്നെ പറഞ്ഞു പരുവപ്പെടുത്തി എടുക്കുന്ന ചില സംഭാഷണങ്ങളുണ്ട്.
"ഞാൻ എഴുന്നേറ്റ് എന്റെ പിതാവിന്റെ അടുക്കലേക്കു പോകും. പിതാവേ, അങ്ങേയ്ക്കും സ്വർഗത്തിനുമെതിരേ ഞാൻ പാപം ചെയ്തു. അങ്ങയുടെ മകൻ എന്നു വിളിക്കപ്പെടാൻ പോലും ഞാൻ ഇനി യോഗ്യനല്ല.. എന്നിങ്ങനെ പറയുന്നു. എന്നാൽ, നമ്മൾ ശ്രദ്ധിക്കേണ്ടത് അങ്ങയുടെ ദാസരിൽ ഒരുവനായിട്ടെങ്കിലും എന്നെ സ്വീകരിക്കണമേയെന്ന് അവൻ പറയുന്ന ഭാഗമാണ്.
ഈ കഥയിൽ ഒരു തിരിച്ചടവ് പ്രായശ്ചിത്തംകൂടി കർത്താവ് ഒളിപ്പിച്ചിട്ടുണ്ടെന്നു തോന്നുന്നു. റീഫണ്ടിംഗ് എന്നു പറയാം. താൻ സ്വത്ത് ദുർവ്യയം ചെയ്യുകയാണ്. കുടുംബത്തിന്റെ പാരന്പര്യ സ്വത്ത്, അപ്പൻ സന്പാദിച്ച ആസ്തി ഉൾപ്പെടെ മകൻ എന്ന പേരിൽ ഇയാൾ അവകാശം കൈക്കലാക്കി. ഒരു കൊള്ളക്കാരനെപോലെ അതുമായി കടന്നുകളഞ്ഞു. ആ സ്വത്തെല്ലാം നശിപ്പിച്ചു കളഞ്ഞതിന്റെ പേരിൽ അയാൾക്ക് ഇപ്പോൾ ദുഃഖം ഉണ്ട്. ഇങ്ങനെയൊക്കെ ചെയ്താൽ കുറച്ചു കഴിയുന്പോൾ ദുഃഖം എല്ലാവർക്കും ഉണ്ടാകും.
» ദുരഭിമാനമില്ലാതെ «
എന്നാൽ, ഈ ധൂർത്തപുത്രന് ചില ഗുണങ്ങളുണ്ട്. ഒന്ന്, തങ്ങളുടെ കൈയിൽനിന്ന് അബദ്ധം പറ്റിയാൽ അത് ഏറ്റുപറയാൻ പലർക്കും വലിയ ദുരഭിമാനം ആയിരിക്കും. അതു മറ്റൊരു പാപാവസ്ഥയായി മാറും. ആ പാപത്തിൽ അവർ ചിലപ്പോൾ മരിക്കുകയും ചെയ്യും.
ധൂർത്തപുത്രന്റേത് പക്ഷേ, കുറച്ചുകൂടി മെച്ചപ്പെട്ട ഒരു മാനസാന്തരമാണ്. കാരണം അദ്ദേഹത്തിനു ദുരഭിമാനം ഇല്ല. ശരിക്കും അതാണ് ഈ കഥയുടെ ഏറ്റവും വലിയ കാന്പ് എന്നു പറയാം. തന്റെ ഈ തോറ്റ ജീവിതം കണ്ടാൽ അപ്പൻ എന്തു വിചാരിക്കും എന്ന് അദ്ദേഹം കരുതുന്നില്ല. ചേട്ടന്റെ മുഖത്ത് എങ്ങനെ നോക്കും എന്നദ്ദേഹം ചിന്തിക്കുന്നില്ല. അങ്ങനെ ഞാൻ എന്ന ഭാവംതന്നെ മാനസാന്തരത്തിന്റെ ഫലമായി അയാളിൽ അസ്തമിക്കുന്നു. അതു വലിയൊരു തിരിച്ചുവരവാണ്.
പലരും എന്തെങ്കിലും അബദ്ധങ്ങൾ സംഭവിച്ചശേഷം അതു പുറത്തറിഞ്ഞാൽ പിന്നെ തിരിച്ചു നാട്ടിലേക്കുതന്നെ വരാതെ മാറിക്കളയും. നാട്ടിലുള്ളവർ ചിലർ ദുരഭിമാനംകൊണ്ട് നാടുവിട്ടു പോകും. മനുഷ്യന്റെ മുഖത്ത് എങ്ങനെ നോക്കും എന്നു വിചാരിച്ചിട്ടാണ് അവർ അങ്ങനെ ചെയ്യുന്നത്.
ആ സ്ഥാനത്ത് ധൂർത്തപുത്രൻ തിരിച്ചു വരുന്നതുതന്നെ ഒരു സന്പൂർണ മാനസാന്തരമായി ബൈബിൾ കരുതുന്നതുപോലെ തോന്നും. അയാൾ എന്തൊക്കെ പറഞ്ഞിട്ടും അതു ഗൗനിക്കുകയോ ഒന്നും പറയുകയോ പോലും ചെയ്യാതെ അപ്പൻ അവനെ കെട്ടിപ്പിടിക്കുന്നതു കാണുന്ന ആർക്കും അറിയാതെ മാനസാന്തരം വന്നുപോകും.
Kerala
വിശ്വാസം രണ്ടു തരം ഉണ്ടാകും. വിഷയബന്ധിയായ വിശ്വാസം, അതുപോലെ ദൈവസ്നേഹബന്ധിയായ വിശ്വാസം. ആദിമസഭയുടെ വിശ്വാസ കാഴ്ചപ്പാടുകളിൽ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കു പരിച്ഛേദനമോ അപരിച്ഛേദനമോ കാര്യമല്ല. സ്നേഹത്തിലൂടെ പ്രവർത്തനനിരതമായ വിശ്വാസമാണ് സുപ്രധാനമെന്നു പൗലോസ് അപ്പസ്തോലൻ പറയുന്നു (ഗലാ 5:6).
ശ്രദ്ധിക്കുക, നമ്മുടെ വിശ്വാസത്തിന്റെ വളർച്ച ദൈവത്തോടുള്ള സ്നേഹത്താലാണ് പ്രവർത്തനനിരതമാകേണ്ടത്. അല്ലാതെ നമുക്ക് അനുദിനമുണ്ടാകുന്ന ആവശ്യങ്ങളുടെ സമ്മർദത്താലല്ല. വിശ്വാസജീവിതം പ്രവർത്തനനിരതമായിരിക്കണം. വിശ്വാസ ജീവിതത്തിൽ വിടവ് ഉണ്ടാവരുതെന്നാണ് പ്രവർത്തനനിരതം എന്നതിന്റെ അർഥം.
» നിലനിൽക്കണം «
നമ്മുടെ വിശ്വാസത്തിന്റെ ഒരു പ്രശ്നം സൂചിപ്പിക്കാം. ഈ ആഴ്ചയിൽ വിശ്വാസം വർധിച്ചു എന്നിരിക്കട്ടെ. അടുത്ത ദിവസം ഏതെങ്കിലും ഒരു പ്രശ്നം വന്നാൽ ആ തകർച്ചയുടെ പേരിൽ നമ്മുടെ വിശ്വാസം തണുത്തുപോയെന്നുവരാം. അപ്പോൾ വിശ്വാസം നിരതമല്ലെന്നു വരും. വിശ്വാസം തണുത്തുപോകുന്നത് ആത്മീയജീവിതത്തിൽ സ്വീകാര്യമല്ല. അതുകൊണ്ടാണ് ഈശോ പറഞ്ഞത് "എന്റെ വാക്ക് നിങ്ങളിൽ നിലനിൽക്കുമെങ്കിൽ' (യോഹ 15:7) എന്ന്.
നമ്മുടെ വിശ്വാസ ജീവിതത്തിൽ ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ് വിടവ്. വിശ്വാസത്തിൽ അകൽച്ച, വിടവ് ഒക്കെ വന്നുപോയിട്ടുണ്ടെങ്കിൽ അതു പരിഹരിക്കാനും മേലിൽ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനുമാണ് നോന്പുകാലത്തു പ്രത്യേക തീവ്രയത്ന പാപപരിഹാര ശുശ്രൂഷകൾ ചെയ്യുന്നത്. ആത്മീയ ജീവിതത്തിന്റെ സ്വാഭാവികമായ പതർച്ചകളെ നമ്മൾ പരിഹരിക്കാൻ ശ്രമിക്കുന്ന സമയമാണ് നോന്പുകാലം.
» നശ്വരമാകരുത് «
എന്നാൽ, ചിലർക്ക് ഇതൊന്നും ഒരു വിഷയമല്ല. അവരുടെ വിശ്വാസത്തിന്റെ വിഷയം തങ്ങളുടെ അനുദിന ജീവിതവും ജീവിതാനുഗ്രഹങ്ങളും മാത്രമാണ്. അതായത് ജോലി, വീട്, വിവാഹം.. ഇങ്ങനെയുളളതൊക്കെ നേടിയെടുക്കാനുള്ള മറ്റൊരു ദൈവികമാർഗമാണ് വിശ്വാസം. ഇതു ലഭിച്ചില്ലെങ്കിൽ വിശ്വാസത്തിൽനിന്നു വ്യതിചലിച്ചുപോകുന്നവരെ കാണാം. വെറും ഉദരപൂരണത്തിനുവേണ്ടി മാത്രം പ്രാർഥിക്കുന്നവർ. ഉദരമാണ് അവരുടെ ദൈവം.
അതുകൊണ്ടാണ് ലജ്ജാകരമായതിൽ അവർ അഭിമാനം കൊള്ളുന്നുവെന്നു ദൈവവചനം ഓർമിപ്പിക്കുന്നത് (ഫിലി 3:19). വിശ്വാസം നശ്വരമായ വിഷയങ്ങൾ നേടിയെടുക്കാൻ വേണ്ടിയുള്ള ഒരു ഉപാധിയായി മാറ്റുന്നതിനെതിരേയുള്ള ഒരു ജാഗ്രത കൂടി നോന്പുകാലത്തു വളർത്തിയെടുക്കണം. അങ്ങനെ യഥാർഥ സുവിശേഷ വിഹിതമായ വിശ്വാസത്തിലേക്കു വളരാം.
Kerala
എല്ലാറ്റിനും ഒരു അവസരമുണ്ടെന്നു ബൈബിൾ പറയുന്നു. ആകാശത്തിനു കീഴിലുള്ള സമസ്ത കാര്യത്തിനും ഒരവസരമുണ്ട്, സഭാ 3:1. ഈ വചനത്തിന്റെ ചുവടുപിടിച്ചു വായിച്ചാൽ അനുതപിക്കാനും ഒരവസരമുണ്ടെന്നു കാണാം. ചിലർ ഇതു നഷ്ടപ്പെടുത്തിക്കളയും.
അങ്ങനെ നഷ്ടപ്പെടുത്തിയ ഒരു മനുഷ്യൻ ഏസാവിനെക്കുറിച്ച് വചനം ഇങ്ങനെ പറയുന്നു. "പിന്നീട് അവകാശം പ്രാപിക്കാൻ ആഗ്രഹിച്ചപ്പോൾ അവൻ തിരസ്കരിക്കപ്പെട്ടുവെന്നു നിങ്ങൾക്കറിയാമല്ലോ. കണ്ണീരോടെ അവൻ അത് ആഗ്രഹിച്ചെങ്കിലും അനുതപിക്കാൻ അവന് അവസരം ലഭിച്ചില്ല (ഹെബ്രാ 12:17).
സ്വീകാര്യമായ സമയം
അനുതപിക്കാൻ ദൈവം തന്ന അവസരമാണ് നോമ്പുകാലം. യഥാസമയം അനുതപിച്ചാൽ അനുതാപം സ്വീകരിക്കപ്പെടും. അതുകൊണ്ട് അവിടന്ന് അരുൾചെയ്യുന്നു, "സ്വീകാര്യമായ സമയത്തു ഞാൻ നിന്റെ പ്രാർഥന കേട്ടു. രക്ഷയുടെ ദിനത്തിൽ ഞാൻ നിന്നെ സഹായിക്കുകയും ചെയ്തു. ഇതാ ഇപ്പോൾ സ്വീകാര്യമായ സമയം. ഇതാ ഇപ്പോൾ രക്ഷയുടെ ദിവസം' (2 കോറി 6:2). അതായത് അനുതപിക്കാനുള്ള അവസരം എന്നത് ദൈവം നൽകുന്ന അവസരമാണ്. അതു കൈമോശം വന്നാൽ പിന്നീട് തിരിച്ചു കിട്ടിയെന്നു വരില്ല. അനവസരത്തിൽ അനുതപിച്ചിട്ട് വലിയ ഫലമൊന്നും ഇല്ലെന്നുള്ള സൂചന ബൈബിൾ നൽകുന്നുണ്ട്.
"മോഷ്ടാവ് ഇനിമേൽ മോഷ്ടിക്കരുത്. അവൻ ഇല്ലാത്തവരുമായി പങ്കുവയ്ക്കാൻ എന്തെങ്കിലും സന്പാദിക്കുന്നതിനു വേണ്ടി സ്വന്തം കൈകൾകൊണ്ട് മാന്യമായി ജോലി ചെയ്യട്ടെ' (എഫേ 4:28). രക്ഷയുടെ ദിവസം അനുതാപത്തിലേക്കു വന്നാൽ പിന്നീട് താൻ ചെയ്തിരുന്ന പഴയ തിന്മകൾ ആവർത്തിക്കരുതെന്ന് ഈ വചനം മുന്നറിയിപ്പ് നൽകുന്നു. വീണ്ടും പഴയ ജീവിതത്തിലേക്കു പോയാൽ അതിനു ദൈവതിരുസന്നിധിയിൽ മാപ്പ് ലഭിക്കാത്ത അവസ്ഥ ഉണ്ട്.
സമയം കഴിഞ്ഞാൽ
അതുപോലെ ഒരു കാലം കഴിഞ്ഞാൽ പിന്നെ അനുതാപം സ്വീകാര്യമല്ലാതായിട്ടു മാറും. ദൈവം അതു വ്യക്തമാക്കുന്നു വെളിപാടിൽ. അനീതി ചെയ്യുന്നവൻ ഇനിയും അനീതി ചെയ്തുകൊള്ളട്ടെ. അവൻ ഇനി അനുതപിച്ചിട്ട് കാര്യമില്ലെന്ന സൂചനയാണത്. പാപക്കറ പുരണ്ടവൻ ഇനിയും അങ്ങനെതന്നെ കഴിഞ്ഞുകൊള്ളട്ടെ. അനുതാപത്തിനു ദൈവം അനുവദിച്ചിരിക്കുന്ന സമയം കഴിഞ്ഞു. അനവസരത്തിൽ ഉള്ള അനുതാപമാണ് പലരുടെയും പ്രശ്നം. "അനീതി ചെയ്തിരുന്നവൻ ഇനിയും അനീതി ചെയ്തുകൊള്ളട്ടെ. പാപക്കറ പുരണ്ടവൻ ഇനിയും അങ്ങനെതന്നെ കഴിഞ്ഞുകൊള്ളട്ടെ. നീതിമാൻ ഇനിയും നീതി പ്രവർത്തിക്കട്ടെ. വിശുദ്ധൻ ഇനിയും വിശുദ്ധീകരിക്കപ്പെടട്ടെ' (വെളിപാട് 22:11).
അപ്പോൾ നോന്പുകാലത്തെ ഗൗരവത്തോടെതന്നെ സമീപിക്കണം, ഇത് അനുതാപത്തിന്റെ അവസരമാണ്. രോഗങ്ങൾ വരുന്പോഴോ അപകടങ്ങൾ വന്നു കിടപ്പിലാകുന്പോഴോ തകർച്ചയിലോ ഒക്കെ ആയിരിക്കും പലരുടെയും അനുതാപം. രോഗങ്ങൾ നൽകുന്ന അനുതാപം, ആയുസ് തീരാറായി എന്ന വിഹ്വലതയിൽനിന്നുള്ള അനുതാപം, സാഹചര്യത്തിന്റെ സമ്മർദംകൊണ്ടുള്ള അനുതാപം... ഇവയല്ലാതെ കർത്താവിന്റെ വചനങ്ങൾ കേട്ട് അതിലൂടെ വന്ന അനുതാപം നിന്നെ കൂടുതൽ നല്ല മനുഷ്യനാക്കാൻ സഹായിക്കുമെന്നു വചനം പറയുന്നു.
Kerala
ഈശോയുടെ പ്രിയപ്പെട്ട നിലപാടുകളിലൊന്നാണ് നിങ്ങളെ സ്നേഹിക്കുന്നവരെ മാത്രം നിങ്ങൾ സ്നേഹിച്ചാൽ പ്രതിഫലത്തിന് എന്താണ് അവകാശം എന്നു പറയുന്ന ഭാഗങ്ങൾ. മത്തായി 5:46ൽ വരുന്പോൾ "വിശിഷ്യാ നിങ്ങൾ എന്താണു ചെയ്യുന്നത്' എന്ന ഒരു ചോദ്യമുണ്ട്. നോന്പുകാലത്തും ഈ ചോദ്യം പ്രസക്തമാണ്.
പതിവു ചടങ്ങു പോലെയുള്ള ചില പരസ്നേഹപ്രവൃത്തികളും പ്രാർഥനാ രീതികളും ഭക്തകൃത്യങ്ങളുമൊക്കെ നമ്മൾ സ്വാഭാവികമായി കാലാനുസൃതം നിറവേറ്റുന്നവയാണ്. പക്ഷേ, നമ്മൾ ഇതിൽ മാത്രം ഒതുങ്ങിനിൽക്കാനല്ല ദൈവം ആഗ്രഹിക്കുന്നതെന്നു സൂചിപ്പിക്കുന്ന വചനങ്ങൾ കാണാം.
കാരണം, ഉഴാനും ആടുമേയ്ക്കാനും പോയിട്ട് തിരിച്ചുവരുന്ന ഭൃത്യനെ പരാമർശിക്കുന്പോൾ ഈശോ പറയുന്നതു ശ്രദ്ധിക്കൂ; അവൻ തിരിച്ചുവരുന്പോൾ വേഗം നീ ഭക്ഷണം കഴിക്കൂ എന്ന് ആരെങ്കിലും അവനോടു പറയുമോ, പോയി എനിക്കു വേണ്ടി ഭക്ഷണം ഒരുക്കിത്തരുക അതിനുശേഷം കുളിച്ച് ഒരുങ്ങി നീ എനിക്കു വിളന്പിത്തരുക എന്നല്ലേ പറയുക. ഇങ്ങനെ കൽപിക്കപ്പെട്ട എല്ലാം ചെയ്തശേഷം ആ ദാസനോടു നന്ദി പറയുമോ? എന്നുകൂടി ലൂക്കാ 17:10ൽ ഈശോ ചോദിക്കുന്നുണ്ട്.
അപ്പോൾ ഉഴാനും ആടുമേയ്ക്കാനും പോയിട്ട് വരുന്ന ഭൃത്യന്റെ ജോലിസമയം ഏകദേശം 12 മണിക്കൂറാകാം. രാവിലെ ആറു മുതൽ രാത്രി 12 വരെ ചിലപ്പോൾ അവനു ജോലി ചെയ്യേണ്ടിവരും. അതുമല്ലെങ്കിൽ ഉറങ്ങുന്പോൾ ഏറെ രാത്രിയായിരിക്കും. ഇപ്രകാരം പന്ത്രണ്ട് മണിവരെ കല്പിക്കപ്പെട്ടതു ചെയ്യുന്ന വ്യക്തിയിൽനിന്നു പോലും കർത്താവ് ചോദിക്കും "വിശിഷ്യാ നീ എന്താണ് ചെയ്യുന്നത്?''.
മെച്ചപ്പെടുത്താനുള്ള കാലം
നോന്പുകാലത്തു പോലും പലപ്പോഴും അവസരം കിട്ടിയിട്ടും പല ഉത്തരവാദിത്വങ്ങളും നിറവേറ്റാതെ മടിപിടിച്ച് പ്രവർത്തനക്ഷമത കുറച്ചുകളയുന്നവരില്ലേ. സുവിശേഷത്തിന്റെ ഒരു രീതി നോക്കിയാൽ നമ്മൾക്കു കല്പിക്കപ്പെട്ടതെല്ലാം ചെയ്യുകയും അതിനു ശേഷം ഓവർടൈം ചെയ്യുകയും ചെയ്യാം. ഇതിനെല്ലാംകൂടി ഈശോ പറയുന്ന ഒറ്റ വാചകം "വിശിഷ്യാ നിങ്ങൾ എന്താണ് ചെയ്തത്''എന്ന ചോദ്യമാണ്.
നമ്മുടെ പ്രവർത്തനക്ഷമത, പരസ്നേഹം, പ്രാർഥനാക്ഷമത, പുണ്യപ്രവൃത്തികളുടെ പ്രവർത്തനക്ഷമത ഇതെല്ലാം വളർത്തിയെടുത്തു കൃപയാർജിക്കാനുള്ള നമ്മുടെ കഴിവ് വർധിപ്പിക്കേണ്ടതുണ്ട്. അതിനു കൂടുതലായി പരിശ്രമിക്കേണ്ട കാലമാണ് ഒരു വർഷത്തിലെ നോമ്പുകാലം. കാരണം, ദൈവം നമ്മിൽനിന്നു പ്രതീക്ഷിക്കുന്നത് ഇതാണ്. “വിശിഷ്യാ നീ എന്താണ് ചെയ്യുന്നത്''എന്ന ചോദ്യത്തിനുള്ള ഉത്തരമായിരിക്കണം നമ്മുടെ എല്ലാ ആധ്യാത്മിക പ്രവർത്തനങ്ങളും.
Kerala
നമ്മൾ കുടിവെള്ളത്തിന്റെ കാര്യം എടുക്കുന്പോഴും മത്സ്യം വളർത്തുന്ന ജലാശയങ്ങളെക്കുറിച്ചു പറയുന്പോഴും രക്തത്തെക്കുറിച്ചു പറയുന്പോഴുമൊക്കെ പറയുന്ന ഒരു വാക്കാണ് പിഎച്ച് ലെവൽ. ജലത്തിന് പിഎച്ച് ലെവൽ ഉള്ളതുപോലെ രക്തത്തിനുമുണ്ട് പിഎച്ച് ലെവൽ (Hydrogen potential level). വെള്ളത്തിന്റെ പിഎച്ച് ലെവൽ 7 ആണ് നോർമൽ.
ഏഴിൽ താഴ്ന്നാൽ വെള്ളത്തിന് അമ്ലഗുണം കൂടും, കുടിക്കാനും പറ്റില്ല, മത്സ്യങ്ങൾ വളരില്ല. കുറയുന്നതുപോലെതന്നെ പ്രശ്നമാണ് കൂടുന്നതും. 8.5ലേക്ക് പിഎച്ച് ലെവൽ ഉയർന്നാൽ ക്ഷാരഗുണം കൂടും. അപ്പോഴും മത്സ്യങ്ങൾ വളരില്ല. പിഎച്ച് ലെവൽ ക്രമീകരിക്കാനാണ് കുമ്മായമോ ചുണ്ണാമ്പോ ഒക്കെ വെള്ളത്തിൽ ചേർക്കാറുള്ളത്.
» ലോകാരൂപി കൂടിയാൽ «
അതായത് ജീവൻ നിലനിർത്താനും പുലരാനും ഒരു അന്തരീക്ഷം വേണം. ആധ്യാത്മിക ജീവിതത്തിലും ഇതിനു പ്രസക്തിയുണ്ട്. ആധ്യാത്മിക ജീവിതം എന്നു പറയുന്പോൾ ആത്മാവിനാൽ നയിക്കപ്പെടുന്ന ജീവിതം, പരിശുദ്ധാത്മാവാൽ നയിക്കപ്പെടുന്ന ജീവിതം (റോമാ.8:14). കർത്താവിന്റെ വചനം പ്രകാരം ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ മക്കളാണ്.
അപ്പോൾ ദൈവത്തിന്റെ മക്കൾക്ക് ഒരു പിഎച്ച് ലെവൽ ഉണ്ട്. ലോകാരൂപിയുടെയും മറ്റും സ്വാധീനത്താൽ അതു ചിലപ്പോൾ മാറിപ്പോയെന്നു വരാം. ലോകാരൂപി കൂടുന്പോൾ - അഹങ്കാരം, അധികാര പ്രമത്തത, ദുർമോഹം ഇവയൊക്കെ വന്നു ലെവൽ വ്യത്യാസപ്പെടുത്തിയേക്കാം. പരിശുദ്ധാത്മാവിനെ നിങ്ങൾ നിർവീര്യമാക്കരുത് എന്നു ബൈബിൾ പറയുന്നത് 1 തെസ 5:19ൽ ഇതിനെക്കുറിച്ചുതന്നെ.
» നിരീക്ഷിക്കണം «
നമ്മളിൽ ലോകാരൂപി ശക്തിപ്പെട്ടാൽ ഉള്ളിലെ പരിശുദ്ധാത്മാവ് നിർവീര്യമാക്കപ്പെടും. ഇതിനെക്കുറിച്ച് ഈശോ പറഞ്ഞതെന്താണ്? ഈ ആത്മാവിനെ സ്വീകരിക്കാൻ ലോകത്തിനു പറ്റില്ലെന്നാണ് (യോഹ14:17). അതായത് ലോകാരൂപിയാൽ നയിക്കപ്പെടുന്നവർക്കു പരിശുദ്ധാത്മാവിൽ ജീവിക്കാനാവില്ല.
നമ്മുടെ ആത്മീയതയുടെ പിഎച്ച് ലെവൽ നിലനിർത്തി പരിശുദ്ധാത്മാവിൽ വളരാനും പുലരാനും പറ്റുന്ന ഒരു ആത്മീയ കാലാവസ്ഥ സൃഷ്ടിക്കുക കൂടിയാണ് നോന്പുകാലത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന്.
കലഹം, ഭിന്നത, വൈരാഗ്യം, വിദ്വേഷം, ചതി, അഹങ്കാരം, മുൻകോപം ഇതെല്ലാം ലോകാരൂപിയെ കൂട്ടും. അതുമൂലം ആത്മീയതലത്തിൽ അമ്ലഗുണം പെരുകി പരിശുദ്ധാത്മാവ് നിർവീര്യമാക്കപ്പെടും. എന്തു പുണ്യപ്രവൃത്തികൾ ചെയ്താലും പരസ്നേഹ പ്രവൃത്തികൾ ചെയ്താലും ഈ അമ്ലഗുണം എന്ന ലോകാരൂപി നമ്മുടെ ജീവിതത്തിൽ കൂടുന്നുണ്ടോയെന്നു നമ്മൾ നിരീക്ഷിച്ചുകൊണ്ടേയിരിക്കണം.
Kerala
ഈശോ ഏറ്റവും ഇഷ്ടപ്പെട്ട പ്രതീകങ്ങളിൽ ഒന്നാണ് പാറ. പത്രോസിനോട് ഈശോ പറഞ്ഞു, ശിമയോൻ നീ കേപ്പാ - പാറയാകുന്നു. ഈ പാറമേൽ എന്റെ സഭ ഞാൻ പണിയും. വിശ്വാസ കാര്യത്തിൽ എല്ലാവരും പാറയാകണമെന്നാണ് ഈശോ ആഗ്രഹിക്കുന്നതെന്നു സൂചിപ്പിക്കുന്നതാണ് മറ്റു ചില വചനങ്ങൾ. മത്താ 7:24ൽ "ദൈവവചനം കേൾക്കുകയും അത് അനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവൻ പാറമേൽ തന്റെ ഭവനം പണി ചെയ്ത ബുദ്ധിമാനായ മനുഷ്യനു തുല്യനാണ്'. അപ്പോൾ പത്രോസ് മാത്രമല്ല ദൈവവചനം കേട്ട് ജീവിക്കുന്ന ഏവരും പാറയാകണമെന്നു തന്നെയാണ് ഈശോയുടെ മനസിൽ.
►ആരാണ് എന്റെ അമ്മ
വിശ്വാസി ആണോ നീ ഒരു പാറയാകണം. പരിശുദ്ധ അമ്മയെക്കുറിച്ചും ഈശോ അത്തരം ഒരു നിരീക്ഷണം പറഞ്ഞിരുന്നു. "ആരാണ് എന്റെ അമ്മ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട് ഈശോതന്നെ അതിന് ഉത്തരം പറഞ്ഞു, "എന്റെ അമ്മ ദൈവവചനം കേൾക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്യുന്നയാളാണെന്ന്''. ക്രിസ്തീയ ജീവിതം എന്നു പറഞ്ഞാൽ വചനാധിഷ്ഠിതമാണ്. നിന്റെ അമ്മയും സഹോദരന്മാരും പുറത്തു കാത്തുനിൽക്കുന്നുവെന്നു പറയുന്പോഴും ഈശോ പറയുന്നു, എന്റെ അമ്മ ആരാണ്, എന്റെ സഹോദരങ്ങൾ ആരാണ്, അവർ തീർച്ചയായും ദൈവവചനം കേൾക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്യുന്നവരാണ്.
►പത്രോസിന്റെ വിജയം
അതുകൊണ്ടുതന്നെ നോമ്പുകാലത്തു നമുക്കു മുന്നിൽ വേറെ ഒരു തെരഞ്ഞെടുപ്പില്ല. അടിസ്ഥാനപരമായ ആചാരാനുഷ്ഠാനങ്ങളുടെയും ആരാധനാക്രമങ്ങളുടെയും അസ്തിവാരത്തിൽ പണിത അടിത്തറയിൽ ഫലങ്ങൾ കെട്ടിപ്പടുക്കപ്പെടുന്നതു ദൈവവചനം കേൾക്കുന്നതിലൂടെയും അതിനുസരിച്ചു ജീവിക്കുന്നതിലൂടെയുമാണ്. പത്രോസിന്റെ വിജയം അതാണ്. പത്രോസ് എങ്ങനെ പാറയായി എന്നു നോക്കാം.
യേശുവിനെ ശത്രുക്കൾ പിടികൂടുന്ന സന്ധ്യയിൽ പ്രധാനാചാര്യന്റെ ഭൃത്യനെ പത്രോസ് വാളൂരി വെട്ടി ചെവി ഛേദിക്കുന്ന രംഗം ശ്രദ്ധിക്കൂ. അപ്പോൾ കർത്താവ് പത്രോസിനോടു പറയുന്നു: നിന്റെ വാൾ ഉറയിലിടൂ. ഒരു പക്ഷേ, വാൾ ഉറയിൽ ഇടാൻ പറ്റിയ സാഹചര്യമേ അല്ലായിരുന്നു . ഭൃത്യനെ വെട്ടിയ പത്രോസ് ഒരു നോട്ടപ്പുള്ളി ആയിരിക്കുന്ന സമയത്താണ് വാൾ ഉറയിലിടാൻ പറഞ്ഞത്. വാൾ ഉറയിലിട്ടാൽ പട്ടാളക്കാരുടെ പിടിയിലാകാം. എന്നിട്ടും പത്രോസ് ഒട്ടും മടിക്കാതെ കർത്താവിനെ അനുസരിക്കുന്നു.
അതാണ് ദൈവവചനം കേൾക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്ത പത്രോസ് എന്ന പാറ. ദൈവരാജ്യത്തിലെ ഏറ്റവും ബുദ്ധിമാനായ മനുഷ്യൻ തന്റെ ആയുസ് പണയം വച്ചുകൊണ്ടുതന്നെ ശത്രുക്കളുടെ മധ്യേ വചനം അനുസരിക്കുന്നു.
അതുകൊണ്ടാണ് മറ്റ് അപ്പസ്തോലന്മാരേക്കാൾ ഒരുപടി മുകളിലായി പത്രോസിനെ കർത്താവ് എടുത്തുയർത്തിയതും എടുത്തുപയോഗിച്ചതും ആ പാറമേൽ സഭയെ പണിതുയർത്തിയതും. ഈ വിശ്വാസസാക്ഷ്യജീവിതം ഈ നോമ്പുകാലത്തു നമുക്ക് ഒരു വിളിയും വെല്ലുവിളിയുമാണ്. അതു സ്വീകരിക്കാനുള്ള അഭിഷേകത്തിനായി പ്രാർഥിക്കാം.
Kerala
സുവിശേഷങ്ങൾ പരിശോധിക്കുന്പോൾ ക്രിസ്തു അനുഭവത്തിന്റെ വ്യത്യസ്ത നിലവാരങ്ങളിൽ ജീവിച്ചവരെ കണ്ടെത്താം. അവരുടെ പെരുമാറ്റങ്ങളെ നിരീക്ഷിച്ചാൽ മാത്രം മതി. നമ്മുടെ പെരുമാറ്റവും ആധ്യാത്മിക വളർച്ചയും തമ്മിൽ ബന്ധമുണ്ട്. ഉദാഹരണത്തിനു ഈശോ വന്നപ്പോൾ ഇരുന്ന സ്ഥലത്തുതന്നെ ഇരുന്ന ശിഷ്യന്മാരെ കാണുന്നുണ്ട്. അവർ വളരെ സാവധാനമാണ് ഈശോയുടെ വരവിൽ പ്രതികരിച്ചത്. അതിൽ ഒരാളാണ് ലാസറിന്റെ പെങ്ങൾ ബെഥനിയിലെ മറിയം. ലാസർ മരിച്ചിട്ട് മൂന്നു ദിവസം കഴിയുന്പോഴാണ് ഈശോ അവരുടെ വീട്ടിലേക്കു വരുന്നത്. തത്ക്ഷണം മർത്ത ഓടിച്ചെന്ന് ഈശോയെ എതിരേറ്റു. പക്ഷേ, സുവിശേഷം പ്രത്യേകം പറയുന്നു. മറിയം വീട്ടിൽതന്നെ ഇരുന്നതേയുള്ളൂ. യോഹ 11:20ൽ "യേശു വരുന്നുണ്ടെന്നു കേട്ടപ്പോൾ മർത്ത ചെന്ന് അവനെ സ്വീകരിച്ചു. എന്നാൽ, മറിയം വീട്ടിൽതന്നെ ഇരുന്നു'.
അതിവേഗം പ്രതികരണം
ഇതു തന്നെയാണ് യോഹന്നാന്റെ കാര്യത്തിലും സംഭവിച്ചത്. തിബേരിയസിന്റെ കടൽക്കരയിൽ യേശു വന്നു. ഇരുളിന്റെ അരണ്ട വിളിച്ചത്തിൽ അത് ഈശോയാണെന്നു യോഹന്നാനു മനസിലായി. അയാൾ അത് ഉച്ചത്തിൽ പറയുകയും ചെയ്തു, “അതു കർത്താവാണ്''എന്ന്. കേട്ട മാത്രയിൽ പത്രോസ് മുണ്ട് വാരിച്ചുറ്റി കടലിലേക്കു ചാടി. എന്നാൽ, യോഹന്നാൻ ആ വള്ളത്തിൽത്തന്നെ ഇരുന്നു. യോഹ 21:7-8ൽ "യേശു സ്നേഹിച്ചിരുന്ന ആ ശിഷ്യൻ പത്രോസിനോടു പറഞ്ഞു: അതു കർത്താവാണ്. അതു കർത്താവാണെന്നു കേട്ടപ്പോൾ ശിമയോൻ പത്രോസ് താൻ നഗ്നനായിരുന്നതുകൊണ്ടു പുറങ്കുപ്പായം എടുത്തു ധരിച്ചു കടലിലേക്കു ചാടി. എന്നാൽ, മറ്റു ശിഷ്യന്മാർ മീൻ നിറഞ്ഞ വലയും വലിച്ചുകൊണ്ടു വള്ളത്തിൽത്തന്നെ വന്നു'. പക്ഷേ, ഒാടിയെത്തിയ മർത്തായ്ക്കും എടുത്തുചാടിയ പത്രോസിനുമാണ് ഈശോയുടെ ആദ്യ ദൈവാനുഭവത്തിന് അവകാശം ലഭിച്ചത്.
ആത്മീയതയ്ക്ക് അതിന്റേതായ ഒരു വേഗമുണ്ട്. നമുക്ക് ഈശോയോടുള്ള സ്നേഹത്തിൽ കലർപ്പ് ഇല്ലെന്നതു മാത്രം പോരാ പ്രവർത്തനങ്ങളിൽ ഉത്സാഹവും ഉണ്ടാവണം. പ്രതികരണങ്ങളും പെരുമാറ്റങ്ങളും തണുത്തുപോയാൽ ദൈവാനുഭവത്തിലും തണുപ്പ് ഉണ്ടാകും. അതേസമയം, തിരക്കിട്ടു വന്ന് ഈശോയെ എതിരേറ്റ മാർത്തയോട് ഈശോ പറയുന്നതു നോക്കൂ. യോഹ 11:25ൽ "യേശു അവളോടു പറഞ്ഞു: ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും'. കടലിലേക്കു ചാടി തനിക്ക് അടുത്തേക്ക് ആദ്യമെത്തിയ പത്രോസിനോടു പറയുന്നു, നീ എന്റെ കുഞ്ഞാടുകളെ മേയിക്കാൻ.
ജ്വലിക്കുന്നവർ
യോഹ 21:15ൽ "അവരുടെ പ്രാതൽ കഴിഞ്ഞപ്പോൾ യേശു ശിമയോൻ പത്രോസിനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ ഇവരേക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ? അവൻ പറഞ്ഞു: ഉവ്വ് കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നു നീ അറിയുന്നുവല്ലോ. അവൻ പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക.' ലഭിച്ചിട്ടുള്ള ദൗത്യം അർഹിക്കുന്നതിനേക്കാൾ ചൂടോടെയും ചടുലമായും ചെയ്തു തീർക്കുന്നവർക്കാണ് കർത്താവ് വലിയ ഉത്തരവാദിത്വങ്ങൾ കൊടുക്കുന്നത്.
നോന്പിൽ നമുക്കു കുറച്ചുകൂടി തീക്ഷ്ണതയുള്ളവരും ദൈവസ്നേത്തിലേക്കു മർത്തയെപ്പോലെയും പത്രോസിനെപ്പോലെയും കുതിക്കുന്നവരുമാകാം.
1 രാജാ19:9ൽ "അവൻ അവിടെ ഒരു ഗുഹയിൽ വസിച്ചു. അവിടെവച്ച് കർത്താവിന്റെ സ്വരം അവൻ ശ്രവിച്ചു: ഏലിയാ, നീ ഇവിടെ എന്തു ചെയ്യുന്നു? ഏലിയാ ഉത്തരം പറഞ്ഞു: സൈന്യങ്ങളുടെ ദൈവമായ കർത്താവിനെ പ്രതിയുള്ള തീക്ഷ്ണതയാൽ ഞാൻ ജ്വലിക്കുകയാണ്'.
Kerala
ഈശോയുടെ രൂപാന്തരീകരണം നടക്കുന്ന താബോറിന്റെ പശ്ചാത്തലത്തിൽ താമസംവിനാ സംഭവിക്കാനിരിക്കുന്ന തന്റെ മരണത്തെക്കുറിച്ചുള്ള അവിടത്തെ വാക്കുകൾ ധ്യാനിക്കേണ്ടതാണ്. മരണം മൂലം ദേഹവിയോഗം സംഭവിക്കുന്ന ഒരു വ്യക്തിക്കു സ്വാഭാവികമായും ഉണ്ടാകുന്ന വ്യഗ്രതയെക്കുറിക്കുന്നു ആ വാക്കുകൾ. താബോറിന്റെ രൂപാന്തരീകരണത്തിനു ശേഷം ഈശോ താഴേക്കിറങ്ങിച്ചെല്ലുന്പോൾ പഠിച്ചതും പരിശീലിച്ചതുമൊന്നും പ്രായോഗികമാക്കാനാവാതെ നിസഹായരായ ശിഷ്യന്മാരാണ് അദ്ദേഹത്തെ കാത്തിരുന്നത്.
തന്റെ ദൗത്യം തുടർന്നുകൊണ്ടു പോകേണ്ടവർ താഴ്വാരത്തിൽത്തന്നെ തങ്ങിപ്പോയത് അവിടത്തെ ആകുലപ്പെടുത്തി. പിശാചുബാധിതനായ അപസ്മാര രോഗിയെ സുഖപ്പെടുത്താൻ കഴിയാതെ വിഷമിച്ചു നിൽക്കുന്ന ശിഷ്യന്മാരെ കണ്ട് ഈശോയുടെ ചോദ്യമുണ്ട്: "ഞാനിനി എത്രകാലം നിങ്ങളുടെകൂടെ ഉണ്ടാകും?'' ഈ ചോദ്യം ഓരോ മനുഷ്യനും ഈ നോന്പുകാലത്ത് സ്വയം ചോദിക്കേണ്ടതുണ്ട്.
ചോദ്യത്തിന്റെ അർഥം
താബോറിൽനിന്ന് ഈശോയ്ക്കു കിട്ടിയ ഒരു സന്ദേശം, തന്റെ മനുഷ്യാവതാര കാലഘട്ടം ഏറെക്കുറെ തീരുകയാണ് എന്നതായിരുന്നു. ആ പശ്ചാത്തലത്തിലാണ് ഈശോയുടെ ചോദ്യം. ഞാനിനി എത്രകാലം നിങ്ങളുടെ കൂടെ ഉണ്ടാകും? നിങ്ങൾ ഇനിയും ഒരിടത്തും എത്തിയില്ലല്ലോ. ഏൽപ്പിക്കപ്പെട്ട ദൗത്യത്തിൽ പരാജയപ്പെട്ടല്ലോ. നിങ്ങളെ വിജയത്തിലെത്തിക്കുന്നതു വരെ മനുഷ്യപ്രകൃതിയിൽ തനിക്കു തുടരാൻ സമയം ഇല്ലല്ലോ എന്നാണതിന്റെ അർഥം.
എല്ലാറ്റിനും ഒരു കാലമെന്നു സഭാപ്രസംഗിയും ഓരോന്നിനും ഒരു കാലം അവിടുന്ന് കൽപ്പിച്ചു നൽകുന്നുവെന്നു നടപടി പുസ്തകത്തിലും രേഖപ്പെടുത്തിയിരിക്കുന്നു. അതുപോലെതന്നെ ആധ്യാത്മിക പരിചരണത്തിനും പരിശീലനത്തിനും ഒരു കാലം ഉണ്ടെന്നത് സ്വാഭാവികമായും മനസിലാക്കാം. നോന്പുകാലം അതിന്റെ കാലമാണ്. ഇതുവരെ നോന്പിന്റെ യഥാർഥ ചൈതന്യത്തിലേക്കു വരാത്തവർ ഉണ്ടാകാം. നോന്പ് പകുതിയോളമാകാൻ പോകുന്ന ഘട്ടത്തിലും നോന്പിന്റെ ചൈതന്യത്തിനൊത്ത് ആത്മാവിനെ പരിചരിക്കാത്തവർ ഉണ്ടാകാം.
ഇവിടെ ഈശോയുടെ ചോദ്യം പ്രസക്തമാണ്. “ഞാനിനി എത്രകാലം നിങ്ങളുടെ കൂടെ ഉണ്ടാകും?” അല്ലെങ്കിൽ അടുത്ത നോന്പുകാലത്ത് നമ്മൾതന്നെ ഉണ്ടാകുമോ എന്ന് അറിയില്ലല്ലോ. ദൈവം തന്ന അവസരമാണിത്. മൂന്നു പേരെ ഒപ്പം കൂട്ടി താബോർ മലയിലേക്കു പോകുന്പോൾ ഒൻപതു പേരെ താഴെ നിർത്തിയതും അവർക്കിടയിലേക്ക് ഒരു അപസ്മാര രോഗിയെ എത്തിച്ചതും ഒരുപക്ഷേ പഠിപ്പിക്കലിന്റെ ഭാഗമാകാം.
ഇതാണ് സമയം
ഇവരോടാണ് ഈശോ നേരത്തേ പറഞ്ഞത് ലൂക്കാ 10:19ൽ “ഇതാ സർപ്പങ്ങളുടെയും തേളുകളുടെയും, ശത്രുവിന്റെ സകല ശക്തികളുടെയും മേൽ ചവിട്ടി നടക്കാൻ ഞാൻ നിങ്ങൾക്ക് അധികാരം നൽകുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കില്ല'' എന്ന്. പക്ഷേ, ഈ വിശ്വാസാധികാരം പ്രയോഗിക്കാൻ മിനിമം ആന്തരികബോധ്യം വേണം.
അതിന് അടിസ്ഥാനമുള്ള ആ വിശ്വാസവും വേണം. അനുഗ്രഹത്തിൽനിന്ന് ആത്മീയാഭിഷേകത്തിലേക്കും അഭിഷേകത്തിൽനിന്ന് ആത്മീയാധികാരത്തിലേക്ക് പഠിപ്പിച്ചുയർത്തുകയായിരുന്നു ഈശോയുടെ പഠനക്രമത്തിന്റെ ലക്ഷ്യം.
എത്ര കാലം ഈശോയ്ക്കു നമ്മെ പരിശീലിപ്പിക്കാൻ കഴിയും? നമ്മുടെ പരിശീലനത്തിന്റെ കാലം എണ്ണപ്പെട്ടിരിക്കുന്നു. നോന്പുകാലം ഉത്തരവാദപ്പെട്ട ഒരു കാലമാണെന്നുള്ള സൂചനയാണ് വചനങ്ങൾ നൽകുന്നത്.
അതുകൊണ്ട് ദൈവം നൽകുന്ന നിർദേശങ്ങൾക്ക് അനുപേക്ഷണീയമായി നമ്മൾതന്നെ മുൻകൈയെടുത്ത് നിലവാരമുള്ള ആധ്യാത്മിക ജീവിതത്തിലേക്ക് ഉയരാൻ പരിശ്രമിക്കണം.
Kerala
ഇന്നു പൊതുവേ കേൾക്കുന്ന വാക്കാണ് ഫിൽട്ടറിംഗ്. കുടിവെള്ളം ശുദ്ധീകരിക്കാനും ഫിൽട്ടറിംഗ് എന്നു പറയും. പല തട്ടിലുള്ള ഫിൽട്ടറിംഗിലൂടെയാണ് കുടിവെള്ളം തയാറാകുന്നത്. നോന്പുകാലത്തിനുമുണ്ട് ഒരു ഫിൽട്ടറിംഗ്. സഭയിലെ വലിയ നോന്പിന്റെ ഒരു പാരന്പര്യം മോശ സീനായ് മലമുകളിൽ വിശപ്പും ദാഹവും സഹിച്ചു കല്പനകളുടെ വെളിപാടിനായി ദൈവസന്നിധിയിൽ ചെലവഴിക്കുന്നതാണ്. ജനങ്ങളിൽനിന്നും ഭൗതിക വ്യവഹാരങ്ങളിൽനിന്നും ഉൾവലിഞ്ഞുള്ള കാലം.
ആ നോന്പുകാലത്തിനു ശേഷം ഇറങ്ങിവന്ന മോശ ഒരു ഫിൽട്ടറിംഗ് നടത്തുന്നതായി കാണാം. കർത്താവിന്റെ പക്ഷത്തുള്ളവരെയും കർത്താവിന്റെ പക്ഷത്തില്ലാത്തവരെയും തമ്മിലാണ് ഫിൽട്ടറിംഗ്. പുറപ്പാട് 32:26ൽ ഇങ്ങനെ രേഖപ്പെടുത്തുന്നു, കർത്താവിന്റെ പക്ഷത്തുള്ളവർ എന്റെ അടുത്തുവരട്ടെ. കർത്താവിന്റെ പക്ഷത്തില്ലാത്തവർക്കു പിന്നീട് എന്തു സംഭവിച്ചു എന്നുള്ളതു ബൈബിളിൽ വ്യക്തമാണല്ലോ.
മോശയുടെ കാലം കഴിഞ്ഞ് ജോഷ്വയുടെ കാലത്തും വാഗ്ദാന നാട്ടിലേക്കുള്ള പ്രവേശനത്തിലും ഇതു പോലുള്ള ഒരു ഫിൽട്ടറിംഗ് കാണാം. വാഗ്ദത്ത നാട്ടിലെത്തുന്പോൾ മോശയുടെ അസാന്നിധ്യം അത്ര കണ്ട് നമുക്കു തോന്നാത്തതും മോശയുടെ അതേ അഭിഷേകത്തോടെ ദൈവം ജോഷ്വയെ ഒരുക്കിയതുകൊണ്ടാണ്. ജോഷ്വയുടെ ജീവിതത്തിലും ഒരു ഫിൽട്ടറിംഗ് നടക്കുന്നുണ്ട്. മോശയും ജോഷ്വയും സാധാരണ ഒരുമിച്ചാണ് സമാഗമ കൂടാരത്തിൽ പ്രാർഥിക്കുന്നത്.
പുറപ്പാട് 33:11ൽ അതിമനോഹരമായ ഒരു വചനം ഉണ്ട്. മോശയും ജോഷ്വയും കൂടാരത്തിൽ കർത്താവിന്റെ കൂടെ പ്രാർഥനയിൽ ഇരിക്കുന്നു. മോശ പിന്നീട് എഴുന്നേറ്റു പോകുന്നു. വചനം പറയുന്നത് മോശ കർത്താവിന്റെ സന്നിധിയിൽനിന്ന് എഴുന്നേറ്റ് പോയിട്ടും ജോഷ്വാ അവിടെത്തന്നെ ഇരുന്നു. ഇതും ഒരു ഫിൽട്ടറിംഗ് ആണ്. ഈ ജോഷ്വയെയാണ് പിന്നീട് പിൻഗാമിയായി കൈവച്ച് അനുഗ്രഹിക്കാൻ കർത്താവ് മോശയോടു പറയുന്നത്. നോന്പുകാലത്തു ദൈവസന്നിധിയിൽ കൂടുതൽ സമയം ചെലവിടേണ്ടതിന്റെ ആവശ്യകത ഈ വചനം നമ്മെ ഒാർമിപ്പിക്കുന്നുണ്ട്.
വാഗ്ദത്ത നാട്ടിൽ
ജോഷ്വായും സംഘവും വാഗ്ദത്ത നാട്ടിലേക്കു പ്രവേശിക്കുന്പോഴും ഒരു ഫിൽട്ടറിംഗ് കാണാം, ജോഷ്വ 24-ാം അധ്യായം 15-ാം വാക്യത്തിൽ. ജോഷ്വ ജനങ്ങളോടു പറയുന്നു "നിങ്ങൾക്കു ദൈവത്തെ വിട്ടുപോകണമെങ്കിൽ വിട്ടുപോകാം. നദിക്ക് അക്കരെ നിങ്ങളുടെ പിതാക്കന്മാർ ദൈവം ആണെന്നു കരുതി അഭയം പ്രാപിച്ചിരുന്ന ശിലകളെ വീണ്ടും നിങ്ങൾക്ക് അവലംബിക്കാം. പക്ഷേ, ഞാനും എന്റെ കുടുംബവും കർത്താവിനെത്തന്നെ സേവിക്കും.' അതൊരു പ്രതിജ്ഞയും നിശ്ചയദാർഢ്യത്തോടെയുള്ള പ്രഖ്യാപനവുമായിരുന്നു. വാഗ്ദത്ത നാട്ടിൽ പ്രവേശിക്കാനുള്ള അർഹതയും അതുതന്നെ. കർത്താവിന്റെ പക്ഷത്തുള്ളവർ എന്റെ അടുത്തു വരട്ടെ എന്നു പറയുന്ന മോശയെപ്പോലെയാണ് ജോഷ്വയും പറയുന്നത്. നോന്പുകാലം കർത്താവിന്റെ പക്ഷത്തു നിൽക്കാനുള്ള ആഹ്വാനമാണ്. ദൈവത്തിന് നിരക്കാത്ത വ്യക്തികൾ, ബന്ധങ്ങൾ, പെരുമാറ്റങ്ങൾ, തീരുമാനങ്ങൾ... എല്ലാം ഉപേക്ഷിച്ചു കർത്താവിന്റെ പക്ഷം ചേരുക.
ഒരു തിരുത്ത്
കഴിഞ്ഞ ഒരു നോന്പ്ചിന്തയിൽ ഞാൻ അബോർഷനെക്കുറിച്ചു സംസാരിച്ചതിൽ ഒരു തിരുത്ത് ആവശ്യമുണ്ട്. അബോർഷൻ ആവശ്യമായി വരുന്ന ചില ഘട്ടങ്ങളിൽ വൈദ്യശാസ്ത്രത്തെയാണ് അവലംബിക്കേണ്ടതെന്ന് ഞാൻ പറഞ്ഞിരുന്നു. പക്ഷേ, അതിനകത്തു വലിയ ഒരു പിഴവുണ്ട്. വൈദ്യശാസ്ത്രത്തെ അവലംബിച്ചു കഴിയുന്പോൾ സ്വാഭാവികമായും വൈദ്യശാസ്ത്രം ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒരുവന്റെ ആത്മാവിനെയും ദൈവത്തെയും മാറ്റിനിർത്തിക്കൊണ്ടു വളരെ സെക്കുലറായി ഈ വിഷയം കൈകാര്യംചെയ്യാൻ സാധ്യതയുണ്ട്. എന്നാൽ, സത്യസന്ധനായ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ആത്മാവിന്റെ രക്ഷയ്ക്ക് അനുയോജ്യമായ തീരുമാനം എടുക്കുന്പോൾ അവലംബിക്കേണ്ടതു സഭയുടെ പ്രബോധനങ്ങളാണെന്നുകൂടി ഓർമിപ്പിക്കുന്നു.
Kerala
നോന്പുകാലത്തിന്റെ പ്രധാന ധ്യാനവിഷയമാണ് അനുതാപം. അനുതാപത്തോടു ചേർന്നാണ് ചിലപ്പോൾ ബൈബിൾ അനുഗ്രഹങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്, പ്രത്യേകിച്ച് ഏശയ്യയുടെ വെളിപാടുകളിൽ. അനുസരിച്ചാൽ അഥവാ അനുതപിച്ചാൽ നീ അനുഗ്രഹം പ്രാപിക്കും (ഏശ 1:19).
പലപ്പോഴും നോന്പുകാലം അനുഗ്രഹത്തിന്റെ കാലമാകുന്നതും ഈ ഒരു അർഥത്തിലാണ്. പക്ഷേ, ഈ അനുഗ്രഹത്തിന്റെ കാര്യത്തിൽതന്നെ നമ്മൾ ചിലപ്പോൾ പിന്നിലായി പോകാറുണ്ട്. പ്രഭാഷകന്റെ പുസ്തകം 33:16-17 വാക്യങ്ങളിൽ ദൈവകൃപയിൽ പിന്നിലായിപ്പോയ ഒരു വ്യക്തിയുടെ ആധ്യാത്മിക അനുഭവങ്ങളെയാണ് അനാവരണം ചെയ്യുന്നത്.
കുരങ്ങും പൂച്ചയും
"ഒടുവിലാണ് ഞാൻ ഉണർന്നത്, കാലാ പെറുക്കുന്നവനെപ്പോലെ ഞാൻ മുന്തിരിപ്പഴം ശേഖരിക്കുന്നവരുടെ പിന്നിലായി; എന്നാൽ, കർത്താവിന്റെ അനുഗ്രഹം നിമിത്തം ഞാൻ മുൻപന്തിയിലെത്തി; മുന്തിരിപ്പഴം ശേഖരിക്കുന്നവനെപ്പോലെ ചക്കുനിറച്ചു' എന്നാണ് ഈ ദൈവവചനം. അനുതാപത്തിനും ഈ ഒരു അനുഭവമുണ്ട്. ഇന്ത്യൻ തത്ത്വശാസ്ത്രത്തിൽ മർക്കടന്യായം, മാർജാരന്യായം എന്നിങ്ങനെ രണ്ട് ആധ്യാത്മിക പരിചരണ രീതികളുണ്ട്.
മർക്കടൻ അല്ലെങ്കിൽ കുരങ്ങ് തന്റെ കുഞ്ഞിനെ മരക്കൊന്പത്തേക്കു വഹിച്ചുകൊണ്ടുപോകുന്നതു മുതുകത്തു വച്ചുകൊണ്ടാണ്. തള്ളക്കുരങ്ങ് മുകളിലേക്കു ചാടിക്കൊണ്ടേയിരിക്കും. അപ്പോൾ പിടിവിട്ടു പോകാതിരിക്കാൻ കുട്ടിക്കുരങ്ങ് തള്ളക്കുരങ്ങിന്റെ മുതുകത്ത് അള്ളിപ്പിടിച്ചിരിക്കണം. ഇവിടത്തെ പ്രധാനപ്പെട്ട റോൾ കുട്ടിക്കുരങ്ങിന്റേതാണ്.
മാർജാരന്യായത്തിൽ അങ്ങനെയല്ല. തള്ളപ്പൂച്ച മച്ചുംപുറത്തേക്കു കുഞ്ഞിനെയും കൊണ്ടു പോകണം എന്നുണ്ടെങ്കിൽ കുഞ്ഞിനെ അതു കടിച്ചുപിടിച്ചുകൊണ്ടാണ് പോകുന്നത്. അപ്പോൾ കുഞ്ഞുപൂച്ചയുടെ കയറ്റങ്ങളിലെല്ലാം അതിനു പ്രത്യേകിച്ചു റോളൊന്നുമില്ല. അമ്മപ്പൂച്ചയ്ക്കാണ് റോൾ നിർവഹിക്കാനുള്ളത്.
ഇതുപോലെ അനുതാപത്തിലും ദൈവത്തിന്റെ റോളുണ്ട്. ദൈവം വിചാരിച്ചാൽ നമുക്ക് അനുതാപം നൽകാൻ കഴിയും. നമ്മൾ വചനം കേട്ട് അനുതപിക്കുന്പോൾ അതിൽ നമുക്ക് ഒരു റോൾ ഉള്ളതുപോലെ നമുക്ക് അനുതാപം ലഭിക്കാത്ത അവസരവും ഉണ്ടാവാം. ഈ അവസ്ഥയിൽ നമുക്ക് അനുതാപം നൽകാൻ ദൈവത്തിനു കഴിയും. ഇതൊരു അപ്പസ്തോലകാല ആത്മീയ അനുഭവമാണ്. അതാണ് നടപടി പുസ്തകം 11:18ൽ എഴുതിയിരിക്കുന്നത്, വിജാതീയർക്കു ദൈവം ജീവപ്രാപ്തിക്കുള്ള അനുതാപം നൽകി. ഇവിടെ ദൈവമാണ് അനുതാപം നൽകുന്നത്.
അനുതാപം ലഭിക്കാൻ
അനുതാപത്തിന്റെ കൂടെ ജീവപ്രാപ്തി അഥവാ പരിശുദ്ധാത്മാവിനെ ലഭിക്കുന്ന അനുതാപം എന്നുകൂടി കൂട്ടിച്ചേർക്കുന്നുണ്ട്.
നമ്മൾ അനുതാപത്തിനുവേണ്ടി ആഗ്രഹിച്ചാൽ അതിനുവേണ്ടി ബോധപൂർവമായ ഒരു പരുവപ്പെടൽ ആവശ്യമാണെന്നു മാത്രം. അപ്പോൾ ദൈവം നമുക്ക് അനുതാപം നൽകി ഈ നോന്പുകാലം ആത്മീയ വസന്തകാലമാക്കും. ജ്ഞാനം 12:19ൽ അവിടന്ന് പാപത്തെക്കുറിച്ച് അവർക്ക് അനുതാപം നൽകിയെന്നു പറയുന്നതും ഈ അർഥത്തിൽ തന്നെയാണ്. പ്രാർഥനാജീവിതത്തിലൂടെയും പരസ്നേഹ പ്രവൃത്തികൾ ത്വരിതപ്പെടുത്തിയും ദൈവം നൽകുന്ന അനുതാപത്തിനായി നമുക്കു നമ്മെത്തന്നെ ഒരുക്കാം.
Kerala
നമ്മുടെ ആത്മീയ ജീവിതത്തിനു മൂന്നു ഘട്ടങ്ങളുണ്ട്. ഒന്നാമത്തേത് അനുഗ്രഹത്തിന്റെ കാലം. എല്ലാ കാലങ്ങളിലും നമ്മൾ അനുഗ്രഹത്തിലൂടെയാണ് ദൈവവുമായി ചേർന്നുപോകുന്നത്. പക്ഷേ, ചിലർ അനുഗ്രഹത്തിനുവേണ്ടി മാത്രം അവലംബിക്കുന്ന ആഴം കുറഞ്ഞ ആധ്യാത്മികത പിന്തുടരാറുണ്ട്. കഴിഞ്ഞ നാൽപതു വർഷമായി എല്ലാ ദിവസവും മനുഷ്യരുടെ കാര്യങ്ങൾ കേൾക്കുകയും അവരുടെ ആധ്യാത്മിക ജീവിതം വിലയിരുത്തുകയും അവർക്കു നിർദേശങ്ങൾ കൊടുക്കുകയും ചെയ്യുന്ന വ്യക്തിയെന്ന നിലയിൽ ആയിരക്കണക്കിന് ആളുകളെ നിരീക്ഷിച്ചതിൽനിന്നുള്ള നിഗമനമാണിത്.
അഭിഷേകം
രണ്ടാമത്തെ നിരീക്ഷണം ഈ അനുഗ്രഹത്തിന്റെ കാലം കഴിയുന്പോൾ സ്വാഭാവികമായും മനുഷ്യന് അതിന്റെ വളർച്ചയിലെ രണ്ടാമത്തെ ഘട്ടം വരും. നമുക്ക് അതിനെ അഭിഷേകത്തിന്റെ കാലമെന്നു വേണമെങ്കിൽ വിളിക്കാം. കാരണം, ഈ അഭിഷേക മേഖലയിൽ ജീവിക്കുന്നവരെ സംബന്ധിച്ചു പല കാര്യങ്ങളും അവരെ ബാധിക്കാറില്ല അഥവാ ബാധിച്ചതായി അവർക്കു തോന്നാറില്ല. ആത്മാഭിഷേകത്തിന്റെ ഒരു പ്രതിഫലനം. വചനത്തിൽത്തന്നെ ഉണ്ടല്ലോ, നിങ്ങൾ അഗ്നിയിലൂടെ നടക്കും അഗ്നി നിന്നെ വിഴുങ്ങില്ല എന്ന് (ഏശ 43:2). അതായത് വിഴുങ്ങില്ല എന്നാൽ വിഴുങ്ങിയതായി തോന്നില്ല, പൊള്ളലേൽക്കില്ല എന്നർഥം.
കഠോര ജീവിതപ്രശ്നങ്ങളിലൂടെ പോകുന്പോഴും അതിന്റെ ആവിയും പുകയും ഏൽക്കാതെ ദൈവം ഒരുവനെ പരിപാലിച്ചുകൊണ്ടുപോകുന്നതും സുവിശേഷ സാക്ഷിയായി അങ്ങനെയുള്ളവർ ജീവിക്കുന്നതും നാം കാണാറില്ലേ.
ഏതു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നതെന്നു പരിശോധിക്കാനുള്ള കാലംകൂടിയാണ് നോമ്പുകാലം. കേവലം അനുഗ്രഹത്തിന്റെ കാലം ആണെങ്കിൽ അതൊരു ശൈശവദശയാണ്. വാർധക്യമെത്തിയാലും ചിലർ ആത്മീയതയിൽ ശിശുവായി ജീവിച്ചു മരിച്ചുപോകുന്നതു കാണാം. എന്നാൽ, ആഴമുള്ളതാണ് അഭിഷേകത്തിന്റെ കാലം. കർത്താവുമായി ആത്മബന്ധത്തിൽ ഊന്നിയ ആധ്യാത്മിക ജീവിതം. ഈ അഭിഷേക കാലത്തിന്റെ അവസാനം വ്യക്തികൾക്ക് ആധ്യാത്മിക അധികാരം കിട്ടുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവർ മറ്റുള്ളവരുടെ വേദനകളിലും സംഘർഷാത്മക ജീവിതത്തിലും അവരെ ആധ്യാത്മികമായി ഉറപ്പിച്ചു നിർത്താൻ ഈ അധികാരം പ്രയോജനപ്പെടുത്തുന്നതു ശ്രദ്ധിച്ചിട്ടുണ്ട്.
ആധ്യാത്മിക അധികാരം
അതായത്, മൂന്നാമത്തെ കാലം എന്നു പറയുന്നത് ആധ്യാത്മിക അധികാരത്തിന്റെ കാലമാണ്. കർത്താവ് പറഞ്ഞില്ലേ ലൂക്ക 10:19ൽ ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയും മീതേ ചവിട്ടി നടക്കാന് നിങ്ങള്ക്കു ഞാന് അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല.
പാന്പും തേളും മറ്റുള്ളവരെ വിഷം കുത്തിവച്ചു കൊല്ലുന്നവയാണ്. ചില മനുഷ്യരും അങ്ങനെയാണ്. ഒാഫീസിലും നാട്ടിലും ഒരുപക്ഷേ, വീട്ടിലുമൊക്കെ ഇതുപോലെയുള്ള വ്യക്തികൾ കണ്ടേക്കാം. അവരിൽനിന്ന് അകന്നുനിൽക്കാൻ നമുക്കു തോന്നിയേക്കാം. എന്നാൽ, ആധ്യാത്മിക അധികാരതലത്തിൽ എത്തിയവർ ഇവരെ ഒഴിവാക്കില്ല. മറിച്ച് ആധ്യാത്മിക അധികാരംകൊണ്ടുതന്നെ അവർക്കുമേൽ ചവിട്ടി നടക്കുന്നതു കാണാം.
ആക്രോശിച്ചാലും ചതിച്ചാലും ചതിക്കുഴിയിൽ ചെന്നെത്തിയാലും അവർ ഇവരെ ആശീർവദിക്കുക മാത്രമേ ചെയ്യുകയുള്ളൂ. ഈശോയുടെ സ്നേഹത്താൽ അവരെ പരാജയപ്പെടുത്തുന്ന കാഴ്ച. അനുഗ്രഹത്തിന്റെ കാലത്തു മാത്രമാണോ ജീവിക്കുന്നതെന്നു പരിശോധിക്കുക. അവിടെനിന്ന് അഭിഷേകത്തിന്റെയും ആധ്യാത്മികാധികാരത്തിന്റെയും തലത്തിലേക്കു വളരാൻ ശ്രമിക്കുക. അതിനു ആനുപാതികമായിരിക്കും കർത്താവും നീയും തമ്മിലുള്ള ആത്മബന്ധം.
Kerala
ഹൃദയസ്പർശിയായ ഒരു പ്രാർഥന ബൈബിളിൽ കാണാം. എമ്മാവൂസിലേക്കു പോയ ശിഷ്യന്മാർ ഈശോയെ ക്ഷണിച്ചുകൊണ്ടു നടത്തുന്ന പ്രാർഥനയാണിത്. "നാഥാ നേരം വൈകുന്നു, ഞങ്ങളോടൊത്ത് വസിച്ചാലും'(ലൂക്ക 24:29). വൈകിപ്പോവുക എന്നതു ജീവിതത്തിൽ പലപ്പോഴും ഒരു വിഷയമാണ്. തീരുമാനമെടുക്കാൻ വൈകിപ്പോകുക, കൊണ്ടുപോകേണ്ട രേഖകൾ ലഭിക്കാതെ വൈകിപ്പോവുക ഇതൊക്കെ സംഭവിക്കാറുണ്ട്.
ചിലപ്പോൾ ദൈവത്തിങ്കലേക്കു തിരികെ വരാനും നമ്മൾ വൈകിപ്പോകും. അപ്പോഴൊക്കെ പ്രസക്തമാകുന്ന ഒരു പ്രാർഥനയാണ് എമ്മാവൂസിലേക്കു പോകുന്ന ശിഷ്യന്മാർ ഉരുവിടുന്നത്.
►►വൈകുന്നവർ
വിവാഹം വൈകുന്നവർ, കുട്ടികളുണ്ടാകാൻ വൈകുന്നവർ, ജോലി കിട്ടാൻ വൈകുന്നവർ, പിആർ കിട്ടാൻ വൈകുന്നവർ എന്നു വേണ്ട, രോഗത്തിനു മരുന്നു കണ്ടുപിടിക്കാൻ പോലും വൈകിപ്പോകുന്ന സാഹചര്യങ്ങളുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ‘നേരം വൈകുന്നു ഞങ്ങളെ സഹായിക്കണമേ’, അല്ലെങ്കിൽ ‘അനുഗ്രഹിക്കണമേ’ എന്നാണ് സ്വാഭാവികമായി തോന്നുന്ന പ്രാർഥന.
പക്ഷേ, സുവിശേഷം നമുക്കു നൽകുന്ന അർഥവത്തായ പ്രാർഥന "നാഥാ നേരം വൈകുന്നു, ഞങ്ങളോടൊത്തു വസിക്കണമേ' എന്നാണ്. കാരണം, ജീവിതം കൈയിൽനിന്നു പോയാൽ വെറുതെയുള്ള അനുഗ്രഹംകൊണ്ട് മതിയാകില്ല. മറിച്ച് ദൈവംതന്നെ നമ്മുടെകൂടെ വസിക്കേണ്ടിവരും. ഏതെങ്കിലും ഘട്ടത്തിൽ ജീവിതം നിന്റെ കൈയിൽനിന്നു വിട്ടുപോയി എന്നു കരുതുക, അതു കുടുംബജീവിതമാകാം, പ്രഫഷണൽ ലൈഫ് ആകാം, വൈവാഹിക ജീവിതമാകാം, പഠനജീവിതമാകാം, പരീക്ഷാ ജീവിതമാകാം... അങ്ങനെ സംഭവിച്ചാൽ നിനക്കുള്ള ഓപ്ഷൻ ഈ പ്രാർഥനയാണ്, "നാഥാ ഞങ്ങളോടൊത്തു വസിക്കണമേ'.
വസിക്കുക എന്ന പ്രാർഥന ഒരു വലിയ വാഗ്ദാനത്തിൽനിന്നാണ് വരുന്നത്. പുറപ്പാട് 33:14ൽ ദൈവം നൽകിയ വാഗ്ദാനം, നിങ്ങൾ എവിടെപ്പോയാലും ഞാൻ നിങ്ങളുടെ കൂടെ ഉണ്ടാകും. ജോഷ്വാ 1:9ലൂടെ വചനം പറഞ്ഞു, നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും. ആദ്യത്തെ വചനത്തിലെ അനുസ്മരണം എന്നു പറയുന്നതു നീ എവിടെപ്പോയാലും എന്നതാണ്, അതാണ് മോശയോടു പറയുന്നത്. ജോഷ്വായോടു പറയുന്നത്, നീ പോകുന്നിടത്തെല്ലാം എന്നാണ്. അപ്പോൾ ഇതു ദൈവസാന്നിധ്യത്തിന്റെ വാഗ്ദാനമാണെന്നു കാണാം.
►►കൂടെ വസിച്ചാൽ
കർത്താവേ ഞങ്ങളോടൊത്തു വസിക്കണമേ എന്നായിരിക്കണം നോന്പുകാലത്തെ നമ്മുടെ പ്രധാന പ്രാർഥനകളിലൊന്ന്. ഉപവാസമായാലും പ്രാർഥനയായാലും ദാനധർമമായാലും സുവിശേഷ വായനയായാലും ഉപവി പ്രവർത്തനങ്ങളായാലും അതെല്ലാം മാർഗങ്ങളാണ്. നാഥാ, ഇതുവഴി അങ്ങ് ഞങ്ങളോടൊത്തു വസിക്കണമേ എന്നതാണ് ഇവയിലൂടെയും ലക്ഷ്യമാക്കുന്നത്.
ഞങ്ങളുടെ ജീവിതം കൈവിട്ടു പോയിട്ടുണ്ടെങ്കിൽ അതു നിന്റെ കൈയിലുണ്ട് എന്ന ഉറപ്പിലാണ് പ്രാർഥന. ഞങ്ങളുടെ കൂടെ വസിക്കുന്പോൾ ഞങ്ങൾക്കു നിന്റെ കൂടെ ജീവിക്കാനും നഷ്ടപ്പെട്ടതു തിരികെപ്പിടിക്കാനും കഴിയുമെന്നുള്ള പ്രത്യാശയാണ് ആ പ്രാർഥനയുടെ അന്തഃസത്ത. നോന്പുകാലത്ത് ഇതു നമുക്കു നവോന്മേഷം പകരട്ടെ.
Kerala
നെറ്റിയിലെ വിയർപ്പു കൊണ്ട് അപ്പം ഭക്ഷിക്കാൻ പറഞ്ഞ ദൈവം തന്നെയാണ്, മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നത് എന്നും പറഞ്ഞത്. അപ്പത്തിനും അധ്വാനത്തിനും അപ്പുറത്ത്, മറ്റൊരു അധ്വാനത്തെക്കുറിച്ച് ഈശോ പറയാറുണ്ട്; മനുഷ്യപുത്രൻ നൽകുന്ന നിത്യജീവനു വേണ്ടി അധ്വാനിക്കുവിൻ. നോന്പുകാലം നിത്യജീവനുവേണ്ടി ജീവിതം ക്രമീകരിക്കുകയും പുണ്യങ്ങൾ ആർജിക്കുകയും പുണ്യങ്ങൾ നിലനിർത്താനുള്ള ആത്മീയ പരിസ്ഥിതി നേടിയെടുക്കുകയും ചെയ്യേണ്ട സമയമാണ്.
ഗ്രീൻ പ്രോട്ടോക്കോൾ എന്നത് ഇന്ന് എല്ലായിടത്തും ചർച്ച ചെയ്യപ്പെടുന്ന ഒന്നാണല്ലോ. ഞാൻ കഴിഞ്ഞ ദിവസങ്ങളിൽ സിംഗപ്പൂരിൽ ധ്യാനിപ്പിക്കാൻ ചെന്നപ്പോൾ, അവിടെ വലിയ ഒരു സമുദ്രക്കാഴ്ച ഒരുക്കിയിരിക്കുന്നതു കണ്ടു. ഒരു കൂറ്റൻ ചില്ലുതുരങ്കത്തിലേക്കു നമ്മൾ കയറുമ്പോഴാണ് ഈ വിസ്മയകാഴ്ചകൾ.
നമ്മുടെ കുടുംബാംഗങ്ങൾ
ചെറിയ ജെല്ലിഫിഷ് മുതൽ വലിയ സ്രാവുകൾ വരെ കടൽ വെള്ളത്തിന്റെ അതേ പരിസ്ഥിതിയിൽ കാഴ്ചക്കാർക്കു ദൃശ്യമാകുന്ന രീതിയിൽ നീന്തിത്തുടിക്കുന്നു. താഴെയും മുകളിലും വശങ്ങളിലുമൊക്കെ കടൽക്കാഴ്ചകൾ. സമുദ്രത്തിന്റെ ഉള്ളിലൂടെ ഒരു ഗ്ലാസ് ടണലിൽ കടന്നുപോകുന്ന അനുഭവം. കാഴ്ച കണ്ടു തീരാറാകുമ്പോൾ സമുദ്രമലിനീകരണത്തെക്കുറിച്ചുള്ള ചില കാര്യങ്ങൾ അവർ പറയുന്നതു കേൾക്കാം. മനുഷ്യർ സൃഷ്ടിക്കുന്ന സമുദ്രമലിനീകരണം മൂലം നമ്മുടെ കുറെയേറെ കുടുംബാംഗങ്ങൾ വംശനാശം വന്നു നശിച്ചുപോയി എന്നാണവർ പറയുന്നത്.
വംശനാശം വന്ന മത്സ്യങ്ങളെയും കടൽജീവികളെയും നമ്മുടെ കുടുംബാംഗങ്ങൾ എന്നവർ വിശേഷിപ്പിക്കുന്നത് ശ്രദ്ധേയമാണ്. നമ്മുടെ അശ്രദ്ധമായ ജീവിതരീതിയാണ് അവയെ ഇല്ലാതാക്കിയത്. കടലിലേക്കു തള്ളുന്ന പ്ലാസ്റ്റിക്കുകൾ, ഫാക്ടറികളിൽനിന്നു പുറന്തള്ളുന്ന രാസവസ്തുക്കൾ ഇങ്ങനെ പലതും സമുദ്രജലത്തിന്റെ പവിത്രതയെ ഇല്ലാതാക്കി വിഷമയമാക്കുന്നു. സമുദ്രത്തിന്റെ ദൈവം സൃഷ്ടിച്ച അവസ്ഥ തിരിച്ചുപിടിക്കാനായി നിരീശ്വര രാജ്യങ്ങൾ പോലും ഗ്രീൻ പ്രോട്ടോക്കോൾ അല്ലെങ്കിൽ ബ്ലൂ പ്രോട്ടോക്കോൾ എന്ന ശാസ്ത്രീയമായ പദ്ധതി വഴി ശ്രമിക്കുന്നതിന്റെ നേർക്കാഴ്ചയാണിത്.
തിരിച്ചുനടക്കാം
നോന്പുകാലം അതുപോലെ വിശ്വാസികൾക്കു നൽകപ്പെട്ടിട്ടുള്ള ഒരു വൈറ്റ് പ്രോട്ടോക്കോൾ ആണ്. ദൈവം മനുഷ്യനെ സൃഷ്ടിച്ച അതേ ആദിമ പരിസ്ഥിതിയിലേക്കു മനുഷ്യനെ തിരിച്ചു കൊണ്ടുപോകാനുള്ള അവസരം. ദൈവസ്നേഹത്തിന്റെ അനുഭവതലങ്ങളെ മനുഷ്യൻ അനുസ്മരിപ്പിക്കുകയും ജീവിതത്തെ സുവിശേഷവിഹിതമായി സാർവപരിസ്ഥിതിബന്ധിയായി വീണ്ടും പുനഃക്രമീകരിക്കുകയും ചെയ്യുന്നതാണ് വൈറ്റ് പ്രോട്ടോക്കോൾ.
പഴയ പരിസ്ഥിതിയിലേക്കു നമുക്കു തിരിച്ചുപോകാൻ കഴിയും എന്നുള്ള വലിയ ഒരു അനുഭവജ്ഞാനം ഫ്രാൻസിസ് അസീസി അടക്കമുള്ള വിശുദ്ധരുടെ ജീവിതത്തിൽനിന്നു വായിച്ചെടുക്കാൻ കഴിയും. നോന്പുകാലത്ത് വിശുദ്ധരുടെ ജീവിതരീതികളെ മനസിലാക്കുകയും വായിക്കുകയും ചെയ്യാം. സുവിശേഷസ്നേഹത്താൽ ലോകത്തെ സമീപിക്കുകയും ഈശോയുടെ ആ സ്നേഹം മരങ്ങൾക്കും മത്സ്യങ്ങൾക്കും മനുഷ്യർക്കും എല്ലാവർക്കും അനുഭവവേദ്യമാക്കുകയും ചെയ്യാം.
ഈയൊരു സാക്ഷ്യജീവിതം വൈറ്റ് പ്രോട്ടോക്കോളിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. പഴയ പരിശുദ്ധിയിലേക്കു തിരിച്ചുനടക്കാൻ ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ. പ്രകൃതി നമ്മുടെ വീടാണെന്ന ബോധ്യത്തോടെ അതിനോടു പെരുമാറാം.
Kerala
ദൈവരാജ്യം കടലിൽ എറിയുന്ന വലയ്ക്കു സദൃശം. കർത്താവിന്റെ ദൈവരാജ്യ വെളിപാടുകളിൽ ഏറ്റവും ചിന്തനീയമായ ഒരു ഭാഗം. മത്സ്യങ്ങൾ നിറയുന്പോൾ മത്സ്യത്തൊഴിലാളികൾ വല വലിച്ചു കയറ്റുന്നു. അവർ ചീത്ത മത്സ്യങ്ങൾ എറിഞ്ഞു കളയുകയും നല്ല മത്സ്യങ്ങൾ പാത്രങ്ങളിൽ ശേഖരിക്കുകയും ചെയ്യുന്നു (മത്താ 13:48). എല്ലാ വിഷയവും അരിച്ചെടുക്കുന്ന ആത്മീയ ആരോഗ്യത്തിന്റെ നിദർശനമാണ് ഈ ഉപമാലങ്കാരം.
നമ്മുടെ ജീവിതവുമായും ഇതിനു ബന്ധമുണ്ട്. ചീത്ത മത്സ്യങ്ങൾ എറിഞ്ഞു കളയുക. ചീത്തയായവയെ എറിഞ്ഞു കളയണമെന്നതാണ് ബൈബിൾ മുന്നോട്ടുവയ്ക്കുന്ന നിലപാടും. വലിച്ചു കയറ്റുക എന്നതിലും ചിന്തിക്കാനുണ്ട്, ലോകത്തിൽനിന്ന് എടുക്കുന്ന എല്ലാ കാര്യങ്ങളെയും ഹൃദയത്തിലേക്കു വലിച്ചു കയറ്റരുത്. ചീത്തയുണ്ടെങ്കിൽ എറിഞ്ഞു കളയണം.
►ദ്രവിച്ച് ഉടയാതിരിക്കാൻ◄
നമ്മൾ പലപ്പോഴും ചീത്ത മത്സ്യങ്ങളും നല്ല മത്സ്യങ്ങളും ഒരുമിച്ചു വലിച്ചു കയറ്റും, പാത്രത്തിൽ ശേഖരിക്കും. ഇതു മനസിനെ ഭാരപ്പെടുത്തും. വിമർശനം വളർത്താനും തളർത്താനും നടത്താം. ചിലർ നമ്മെ തളർത്തുക എന്ന ലക്ഷ്യത്തോടെ രൂക്ഷ വിമർശനം നടത്തും. ഇതു ശരിക്കും ചീത്ത മത്സ്യമാണ്. ഇതു പാത്രത്തിൽ ശേഖരിക്കേണ്ട ആവശ്യമില്ല. അതുപോലെ ചില ആളുകളോടു നമ്മൾ ക്ഷമിക്കാതെ ഇരിക്കുന്നതും ചീത്ത മത്സ്യങ്ങളെ പാത്രത്തിൽ സൂക്ഷിക്കുന്നതിനു തുല്യമാണ്.
ക്ഷമ കൊടുക്കാൻ അവസരം ഉണ്ടായിട്ടും പ്രതികാരത്തിനുവേണ്ടി അവ സൂക്ഷിച്ചുവയ്ക്കുന്നവർ. അത് ഉപ്പു സൂക്ഷിക്കുന്നതുപോലെയാണ്. ഉപ്പിരിക്കുന്ന കുടം ദ്രവിച്ച് ഉടഞ്ഞുപോകും. ഇതുപോലെയാണ് ചീത്ത ചിന്തകളും. അവ സൂക്ഷിക്കുന്ന പാത്രം ദ്രവിച്ചുടയും.
►പുതിയ മനുഷ്യൻ◄
പഴയ മനുഷ്യനെ അവന്റെ ചെയ്തികളോടുകൂടെ ദൂരെ എറിയാൻ കൊളോസോസ് 3:10ൽ പറയുന്നു. അപ്പോൾ ദൂരെ എറിയുക എന്നുള്ളത് സുവിശേഷത്തിൽ ആകമാനം പടർന്നു കിടക്കുന്ന ആധ്യാത്മികമായ ഒരു ദൈവിക വെളിപാടാണെന്നു കാണാം.
പഴയ മനുഷ്യനെ അവന്റെ ചെയ്തികളോടുകൂടെ എന്ന വാക്യം ശ്രദ്ധിക്കുക. ചിന്തയും പ്രവൃത്തിയും ചീത്തയാണെങ്കിൽ അതു പഴയതാണെന്നുള്ള നിലപാടാണ് ബൈബിൾ മുന്നോട്ടുവയ്ക്കുന്നത്. ചീത്തയാണെങ്കിൽ അതു നമ്മെ ജഡിക മനുഷ്യരാക്കും.
സ്രഷ്ടാവിന്റെ പ്രതിച്ഛായയ്ക്കൊത്തു നവീകരിക്കപ്പെടുന്ന പുതിയ മനുഷ്യനെ സ്വീകരിക്കാനാണ് നോമ്പുകാലത്തിന്റെ ആഹ്വാനം. സുവിശേഷ വിഹിതമല്ലാത്ത ജീവിതരീതികൾ, ജീവിത ചിന്തകൾ, പെരുമാറ്റ ദൂഷ്യങ്ങൾ, പെരുമാറ്റരീതികൾ തുടങ്ങിയവയെല്ലാം ഈ നോന്പുകാലത്ത് എറിഞ്ഞു കളഞ്ഞ് പുതിയ മനുഷ്യരാകാം.
Kerala
എന്താണ് നീ ചെയ്യാനിരിക്കുന്നത്? ഇതും ദൈവം നമ്മോടു ചോദിക്കുന്ന ചോദ്യമാണ്. നീ ചെയ്യാനിരിക്കുന്ന കാര്യങ്ങൾ നിന്റെ തെരഞ്ഞെടുപ്പ് ആണ്. നീ തെരഞ്ഞെടുക്കുന്നത് നല്ലതാണെങ്കിലും ചീത്തയാണെങ്കിലും അതിനെ നേരിട്ട് ഇടപെട്ടു തടയുന്നതല്ല ദൈവത്തിന്റെ രീതി.
അതേസമയം, മനഃസാക്ഷി എന്നതു ദൈവത്തിന്റെ സ്വരമാണ്. എന്തു കാര്യം ചെയ്യുന്നതിനു മുന്പും ആ മനഃസാക്ഷിയുടെ സ്വരം ശ്രവിക്കാൻ നാം സമയം കണ്ടെത്തണം. ആ സ്വരം ഗൗനിക്കാതെ പ്രവർത്തിച്ചതിന്റെ ഫലമായി ജയിലിൽ കിടക്കുമ്പോഴോ കേസിൽ അകപ്പെട്ടു കഴിയുമ്പോഴോ ജീവിതത്തിൽ തകർച്ചകൾ നേരിട്ടുകഴിയുമ്പോഴോ ദൈവം എന്നെ എന്തുകൊണ്ട് ഒാർമിപ്പിച്ചില്ല എന്നു വിലപിക്കുന്നതിൽ കാര്യമില്ല.
മനഃസാക്ഷിയുടെ സ്വരം അവഗണിക്കുന്നവർ നാശത്തിലേക്കു ചെന്നു വീഴുന്നതാണ് പലപ്പോഴും കാണുന്നത്. തെറ്റാണെന്ന് അറിഞ്ഞിട്ടും ഒരു കാര്യത്തിൽനിന്നു പിന്മാറാതെ നിൽക്കുന്നവരെ ദൈവം അവരുടെ വഴിക്കുവിടും. അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യാൻ തയാറെടുത്തിരുന്ന യൂദാസിനോടുള്ള യേശുവിന്റെ സമീപനം നോക്കുക. "അപ്പക്കഷണം സ്വീകരിച്ചതിനെത്തുടർന്നു സാത്താൻ അവനിൽ പ്രവേശിച്ചു. യേശു അവനോടു പറഞ്ഞു: നീ ചെയ്യാനിരിക്കുന്നതു വേഗം ചെയ്യുക' (യോഹ 13:27).
ദൈവം കൈവിട്ടവന്റെ അവസ്ഥ അതാണ്. കാലതാമസമില്ലാതെ ദുരന്തമെത്തും. ബൈബിളിൽ സ്വയം ജീവൻ നഷ്ടപ്പെടുത്തിയവരായി കാണുന്ന എല്ലാവരുടെയും അവസ്ഥയും ഇതുതന്നെ.
► കൂടെ സഞ്ചരിച്ചിട്ടും
ദൈവത്തിന്റെ കൂടെ സഞ്ചരിച്ച ഒരാളാണ് യൂദാസ്, എന്നിട്ടും അയാൾ കർത്താവിനെ സ്വീകരിച്ചില്ല. അതുകൊണ്ട് കർത്താവിനെ ഒറ്റിക്കൊടുക്കുന്ന കാര്യമായാലും അവിടന്നു പറയുന്നതു ചെയ്യാനിരിക്കുന്നതു വേഗം ചെയ്തുകൊള്ളാനാണ്. എന്താ കാര്യം, സാത്താൻ അവനിൽ പ്രവേശിച്ചിരിക്കുന്നു. അവൻ ദൈവത്തെ തള്ളിക്കളഞ്ഞു, സാത്താന് അവസരം കൊടുത്തു.
"സാത്താനു നിങ്ങൾ അവസരം കൊടുക്കരുത്' (എഫേ 4:27). കാരണം സാത്താൻ അവസരം അന്വേഷിച്ചുനടക്കുന്ന കക്ഷിയാണ്. ആരെ വിഴുങ്ങണം എന്ന് ഓർത്തു അലറി നടക്കുന്നു എന്നു പത്രോസ് പറയുന്നുണ്ടല്ലോ. "നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു' (1 പത്രോ 5:8).
യൂദാസിനെ സംബന്ധിച്ചിടത്തോളം സാത്താൻ അയാളെ പകുതിയും വിഴുങ്ങി. സ്വയം സാത്താനു വിട്ടുകൊടുത്ത സ്ഥിതിക്ക് അയാളെ പിന്നെ ദൈവത്തിന് ആവശ്യമില്ല. അതാണ് ഈശോ അവനോടു പറഞ്ഞത്, ചെയ്യാനുള്ളതു വേഗം ചെയ്യാൻ.
► നിയന്ത്രണം നമ്മുടെ പക്കൽ
നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം ഒരോ വിഷയത്തിലും ദൈവം വന്നിട്ട് അതു ചെയ്യരുത്, ഇതു ചെയ്യരുത് എന്നു പറയില്ല. നിന്നെ നിയന്ത്രിക്കാൻ ഒരു റിമോട്ട് കൺട്രോളുമായിട്ടല്ല ദൈവം ഇരിക്കുന്നത്.
നിനക്കു സാമാന്യബുദ്ധിയും ബോധവും ഒക്കെ ആയികഴിഞ്ഞാൽ ചെയ്യുന്നവയുടെ കൺട്രോൾ നിന്റെ പക്കൽതന്നെയാണ്. ചെയ്യുന്ന കാര്യങ്ങളിലെ തെറ്റും ശരിയും നിനക്ക് അറിയാമെന്നുണ്ടെങ്കിൽ തെറ്റ് ചെയ്തു കഴിഞ്ഞാൽ അതിന്റെ പൂർണമായ ഉത്തരവാദിത്വവും നിനക്കാണ്.
അറിഞ്ഞുകൊണ്ടു തെറ്റുകളിൽ മുങ്ങിക്കുളിച്ചാൽ അതിന്റെ ഭവിഷ്യത്തുകളും നമ്മെ തേടിവരും. ആ സമയത്തു ഒരുപക്ഷേ നിന്നെ സഹായിക്കാൻ ആരും ഉണ്ടാവില്ല. കർത്താവിന്റെ നിലപാടുതന്നെ കണ്ടില്ലേ, "ചെയ്യാനുള്ളത് വേഗം ചെയ്യാൻ'!
നീ ചെയ്യാനുള്ളതു വേഗം ചെയ്തു മാറാൻ പറയും. അങ്ങനെ യൂദാസ് പോയി ജീവിതമവസാനിപ്പിച്ചു. ഭാവികാലങ്ങളിൽ ചെയ്യാനിരിക്കുന്ന കാര്യങ്ങൾ ദൈവത്തിനു നിരക്കുന്നവയാകണമെന്ന് ഈ നോമ്പാചരണം നമ്മോടു മന്ത്രിക്കുന്നു.
Kerala
അപ്പോൾ ഏലിയാ, മേലങ്കികൊണ്ട് മുഖം മറച്ചു പുറത്തേക്കു വന്ന് ഗുഹാമുഖത്തുനിന്നു. അപ്പോൾ അവൻ ഒരു സ്വരം കേട്ടു: ഏലിയാ, നീ ഇവിടെ എന്തു ചെയ്യുന്നു? (1 രാജാ19:13). ദൈവത്തിന്റെ ഈ ചോദ്യം ഓരോ ദിവസവും നമ്മോടുതന്നെ ചോദിക്കണം. നീ ഇവിടെ ഇപ്പോൾ എന്ത് ചെയ്യുന്നു?... സെമിനാരിയിലെ സ്റ്റഡി ഹാളിൽ പഠന സമയത്ത് ഓരോ മണിക്കൂർ കഴിയുന്പോൾ ഒരു ചെറിയ മണികിലുക്കുമായിരുന്നു.
ആത്മപരിശോധനയ്ക്കു വേണ്ടിയാണ് ഈ മണികിലുക്കം. ഇപ്പോൾ നമ്മൾ എന്തു ചെയ്യുന്നു എന്നാണ് മണികിലുക്കത്തിന്റെ ചോദ്യം. പഠിക്കുന്നതിനുപകരം ചിലർ പടം വരയ്ക്കുകയായിരിക്കും. മണികിലുങ്ങുമ്പോൾ അതെല്ലാം മാറ്റിവച്ചു സ്വയം സോറി പറഞ്ഞിട്ടു വീണ്ടും പഠിക്കാൻ തുടങ്ങും.
►സംരക്ഷണം നഷ്ടമായാൽ
റീൽസ് നോക്കി ജീവിതം തീർക്കുന്ന ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ഗതികേട് സമയനഷ്ടം തന്നെ. മുഴുവൻ സമയവും മൊബൈൽ ഫോണിൽ കുടുങ്ങിയവരെ കാണുമ്പോൾ കഴുത്ത് ചോദ്യചിഹ്നം പോലെ ഒടിഞ്ഞിരിക്കുന്ന മനുഷ്യരാകുമോ അടുത്ത തലമുറ എന്നു തോന്നിപ്പോകും. നീ ഇവിടെ എന്ത് ചെയ്യുന്നു? ദൈവത്തിന്റെ ആ ചോദ്യം നമ്മളോടുതന്നെ ചോദിച്ചാൽ വേണ്ടാത്ത കാഴ്ചകൾ കണ്ട് ജീവിതം വ്യർഥമാകാതിരിക്കും. ശരീരം ഉരയുകയോ ഒടിയുകയോ ഒക്കെ ചെയ്താൽ വീണ്ടും കൂടിച്ചേരും. മുറിവുകൾ മാംസം വന്നു മൂടും. എന്നാൽ, തലച്ചോറിന്റെ ഒരു അംശം പോയാൽ നമുക്ക് സാരമായ കുഴപ്പങ്ങളുണ്ടാകാം. അതുകൊണ്ടാണ് ദൈവം തലച്ചോറിനെ സംരക്ഷിക്കാൻ തലയോട്ടി തന്നിരിക്കുന്നത്.
ദൈവസംരക്ഷണം എന്നത് ഒരു വസ്തുതയാണ്. എന്നാൽ, നമ്മുടെ അഹങ്കാരംകൊണ്ട് ഈ സംരക്ഷണം നമ്മൾതന്നെ പലപ്പോഴും നഷ്ടമാക്കും. ഹെൽമറ്റ് വയ്ക്കാതെ ബൈക്കിലും മറ്റും ചീറിപ്പാഞ്ഞുപോയി ജീവൻ നഷ്ടപ്പെടുത്തുന്നവരെ കണ്ടിട്ടില്ലേ...
►ഒരു മണികിലുക്കം
ഒരാളിൽ അഹങ്കാരം വന്നാൽ ദൈവം അപ്പോൾത്തന്നെ അവിടെനിന്നു മാറും. അതോടെ നമ്മുടെ സംരക്ഷണവും നഷ്ടമാകും. "നീ ഇപ്പോൾ എന്തു ചെയ്യുന്നു' എന്നുള്ള ചോദ്യത്തിന്റെ പ്രസക്തി ഇത്തരം ഘട്ടങ്ങളിലാണ്.
അപ്പോൾ ന്യായമായ ഉത്തരം നമുക്ക് ഉണ്ടാകണം. വാഹനം അമിതവേഗത്തിൽ പറത്താൻ തോന്നുമ്പോൾ ഈ ചോദ്യം സ്വയം ചോദിക്കണം. പല അപകടങ്ങളും നമ്മളിൽനിന്ന് അകന്നുപോകും. റീൽസിൽ ജീവിതം കുടുങ്ങിപ്പോകുന്പോൾ ഈ ചോദ്യം ഉയരണം... അപ്പോൾ കുറച്ചൊക്കെ അതിൽനിന്നു വിട്ടുനിൽക്കാൻ പ്രചോദനം കിട്ടും. അപ്പോഴാണ് ജീവിതം ദൈവത്തിനു നിരക്കുന്നതാകുന്നത്.
ദൈവം ഈ ചോദ്യം ഏലിയയോടു ചോദിച്ചപ്പോൾ ഏലിയ പറഞ്ഞതു ശ്രദ്ധേയമാണ്, "ഞാൻ നിന്നെക്കുറിച്ചു തന്നെ ഓർത്തുകൊണ്ടിരിക്കുകയാണ്.'' അതിനേക്കാൾ നല്ല ഉത്തരം വേറെയുണ്ടോ? നിന്നെക്കുറിച്ചുള്ള തീക്ഷ്ണതയിൽ ഞാൻ ജ്വലിക്കുകയാണ് (1 രാജാ 19:10). ഇടയ്ക്കൊക്കെ ഓർക്കും ഏലിയയെപ്പോലെ ഇങ്ങനെ പറയാൻ കഴിഞ്ഞിരുന്നെങ്കിൽ... ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ഇങ്ങനെ പറയാൻ കഴിഞ്ഞാൽ അതു വലിയ അനുഗ്രഹമാണ്. വർത്തമാന കാലത്തോടു നമ്മൾ കാണിക്കുന്ന ഉത്തരവാദിത്വം ദൈവം നിരീക്ഷിക്കുന്ന ഒരു മേഖലയാണ്. ഇടയ്ക്കിടെ ഒരു മണികിലുക്കം ജീവിതത്തിൽ ഉണ്ടായാൽ ദൈവത്തിന്റെ
സംരക്ഷണത്തിൽ ജീവിക്കാനാകും.
Kerala
ദൈവം ഹവ്വയോടു "നീ എന്താണ് ചെയ്തത്'? എന്ന ചോദ്യം ഉയർത്തുന്നത് അവൾ അനുതപിക്കും എന്ന വിവക്ഷയിലാണ്. പക്ഷേ, അവൾക്കതു മനസിലായില്ല. അനുതപിക്കാൻ നമുക്ക് എങ്ങനെയൊക്കെ അവസരം കിട്ടുമെന്ന് അറിയില്ല. ഹെബ്രായ ലേഖനം ഇങ്ങനെ പറയുന്നു: പിന്നീട് അവകാശം പ്രാപിക്കാൻ ആഗ്രഹിച്ചപ്പോൾ അവൻ തിരസ്കരിക്കപ്പെട്ടു. കണ്ണീരോടെ അവൻ അത് ആഗ്രഹിച്ചെങ്കിലും അനുതപിക്കാൻ അവന് അവസരം ലഭിച്ചില്ല (ഹെബ്രായർ 12:17-18). പക്ഷേ, ചിലർക്ക് അതു മനസിലാവില്ല.
» ദാവീദിന്റെ വഴി
നമ്മൾ വീട്ടിൽ എന്തെങ്കിലും തെറ്റ് ചെയ്തു എന്നു കരുതുക. അപ്പോൾ അപ്പൻ ചോദിക്കും, അമ്മ ചോദിക്കും അല്ലെങ്കിൽ ഭാര്യ ചോദിക്കും നിങ്ങൾ എന്താണ് ചെയ്തത്? ദൈവത്തിന്റെ സ്ഥാനത്തുനിന്നാണ് ആ ചോദ്യം. നമുക്ക് അനുതപിക്കാനുള്ള അവസരമാണ് അതിലൂടെ ദൈവം നൽകുന്നത്. എന്നാൽ, അനുതപിക്കുന്നതിനു പകരം തെറ്റുകളെ ന്യായീകരിച്ച് നമ്മൾ അവരെ പ്രതിരോധിക്കും. കായേൻ ചെയ്തതും അതുതന്നെ. ദാവീദ് പടനായകനായ ഉറിയയെ ചതിച്ചുകൊന്ന് അയാളുടെ ഭാര്യയെ സ്വന്തമാക്കി.
ഹവ്വയോടും കായേനോടും ചോദിച്ചതുപോലെതന്നെയാണ് ദാവീദിനോടും ചോദ്യം, അതു നാഥാൻ പ്രവാചകൻ വഴി. എന്തുകൊണ്ട് നീ എന്റെ വചനം അനുസരിക്കാതെ ഈ തിന്മ ചെയ്തു (2 സാമു12:9). എന്നാൽ, കായേന്റെ ഉത്തരമല്ല ദാവീദ് പറയുന്നത്. "അതാണ് ദാവീദ്''. ദൈവത്തിന്റെ ആ ചോദ്യം തനിക്ക് അനുതപിക്കാൻ ഉള്ള അവസരമാണെന്ന് അയാൾ തിരിച്ചറിഞ്ഞു. അനുതപിക്കാൻ ദൈവം നൽകിയ അവസരമാണ് ആ ചോദ്യമെന്നു ദാവീദിനു ബോധ്യമായി. അതാണ് ഹവ്വയും ദാവീദും തമ്മിലുള്ള ഒരു വ്യത്യാസം.
» അനുതാപത്തിന്റെ സമ്മാനം
ദാവീദ് തെറ്റ് ചെയ്തെങ്കിലും പരിശുദ്ധാത്മാവ് അവനെ കൈവിട്ടുകളയുന്നില്ല. കാരണം നമുക്കു ബൈബിളിൽ എണ്ണായിരത്തി എണ്ണൂറ്റി അന്പത്തിയഞ്ചോളം വാഗ്ദാനങ്ങൾ തന്നിട്ടുള്ളതിൽ ഒരു വാഗ്ദാനം ഒരു കാരണവശാലും ഞാൻ നിന്നെ ഉപേക്ഷിക്കില്ല എന്നുള്ളതാണ്. പകരം ദൈവം ഇങ്ങനെ അവനോടു ചോദിച്ചു: എന്താണ് നീ എന്നെ അനുസരിക്കാത്തത്. ലോകത്ത് എല്ലാവരും എന്നെ നിരാകരിച്ചാലും നീ എന്നെ നിരാകരിക്കില്ല എന്നാണ് ഞാൻ കരുതിയതെന്നൊരു വ്യംഗ്യം, നിനക്കെന്തുപറ്റി എന്നു ചോദിക്കുംപോലെ. ദാവീദ് യാതൊരു ഉരുണ്ടുകളിക്കും പോയില്ല. സത്യസന്ധമായി പറഞ്ഞു: ഞാൻ കർത്താവിനെതിരായി പാപം ചെയ്തുപോയി. അപ്പോൾ നാഥാൻ പറഞ്ഞു: "കർത്താവ് നിന്റെ പാപം ക്ഷമിച്ചിരിക്കുന്നു; നീ മരിക്കുകയില്ല.'' അതാണ് ദാവീദിന്റെ അനുതാപത്തിനു കിട്ടിയ സമ്മാനം.
ഇത്തരം മറുപടി കർത്താവിനു കായേനോടും ഹവ്വായോടും പറയാമായിരുന്നു. പക്ഷേ, അവർ അനുതാപമില്ലാതെ സ്വയം നീതീകരിച്ചു. അനുതാപം എന്നു പറയുന്പോൾ അതിന്റെ ആദ്യത്തെ ഭാഗം ചെയ്ത കുറ്റം അംഗീകരിക്കലാണ്. അനുതാപത്തിന്റെ രണ്ടാം ഘട്ടം അംഗീകരിച്ച പാപം ഏറ്റുപറയുകയാണ്. മൂന്നാം ഭാഗം ഏറ്റുപറഞ്ഞ തിന്മ പിന്നീട് ആവർത്തിക്കാതിരിക്കലാണ്. പകരം സത്പ്രവൃത്തികൾ പ്രായശ്ചിത്തമായും നിറവേറ്റിയാൽ ഈ നോന്പുകാലം നമ്മിൽ ആത്മീയ വസന്തമായി വിടരും.
Kerala
ബൈബിളിൽ ദൈവം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, "നീ എന്താണീ ചെയ്തത്?'. രണ്ടാമതൊരു ചോദ്യം നീ എന്തു ചെയ്യുന്നു. മൂന്നാമതായി ഭാവികാര്യങ്ങളും ദൈവം നിരീക്ഷിക്കുന്നു. ആദ്യത്തേത് ഇങ്ങനെ പറയാം. ദൈവമായ കർത്താവ് സ്ത്രീയോടു ചോദിച്ചു: നീ എന്താണ് ഈ ചെയ്തത്? (ഉത്പത്തി 3:13). അവളുടെ മറുപടി: "സർപ്പം എന്നെ വഞ്ചിച്ചു''. പിന്നെ കായേനോടും അതേ ചോദ്യം. "നീ എന്താണ് ചെയ്തത്? നിന്റെ സഹോദരന്റെ രക്തം മണ്ണിൽനിന്ന് എന്നെ വിളിച്ചു കരയുന്നു.''കായേൻ ആബേലിനെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഈ ചോദ്യം.
» മറുപടി എങ്ങനെയാകണം?«
ദൈവത്തിന്റെ ചോദ്യത്തിനു മറുപടി കൊടുക്കാൻ നാം എപ്പോഴും ബാധ്യസ്ഥരാണ്. എന്നാൽ, മറുപടി അവിടത്തേക്കു കൂടി സ്വീകാര്യമായിരിക്കണം. കായേനും ഹവ്വായ്ക്കും മറുപടി പറഞ്ഞതിൽ പിഴവ് പറ്റി. അതുകൊണ്ട് അവർക്കു ശിക്ഷയിൽ ഒരു ഇളവും കിട്ടാതെ പോയി. എന്തായിരുന്നു ഹൗവ്വയുടെ ഉത്തരം? "സർപ്പം എന്നെ വഞ്ചിച്ചു''. അതായത് താൻ ചെയ്ത തെറ്റിന്റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയിൽ കെട്ടിവച്ചു. ദൈവസന്നിധിയിൽ ഇതു സ്വീകാര്യമാവില്ല. ഗർഭസ്ഥശിശുവിനെ നീ അബോർട്ട് ചെയ്തെന്നു കരുതുക. ആ തെറ്റിൽനിന്നു രക്ഷപ്പെടാൻ ഭർത്താവ് പറഞ്ഞിട്ടു ചെയ്തു എന്നു പറഞ്ഞാൽ അംഗീകരിക്കപ്പെടില്ല. കാരണം നീയാണ് അതു ചെയ്തത്. നിന്റെ വയറ്റിലാണ് കർത്താവ് കുഞ്ഞിനെ തന്നത്. അപ്പോൾ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ഉത്തരവാദിത്വവും നിനക്കാണ്. അല്ലെങ്കിൽ ആ ഗർഭധാരണംകൊണ്ട് നിന്റെ ജീവനു ദോഷമുണ്ടാകുന്ന സ്ഥിതിയിലാവണം, അതു വൈദ്യശാസ്ത്രം പറയണം.
അതുപോലെ കായേൻ കൊടുത്ത മറുപടിയും ദൈവത്തിനു സ്വീകാര്യമായില്ല. നിന്റെ സഹോദരൻ ആബേൽ എവിടെ? എന്ന ചോദ്യത്തിന് എനിക്കറിഞ്ഞുകൂടാ, സഹോദരന്റെ കാവൽക്കാരനാണോ ഞാൻ (ഉത്പത്തി 4:9) എന്നായിരുന്നു അവന്റെ മറുപടി. നമ്മുടെ അപരാധങ്ങളെ ന്യായീകരിക്കുന്ന ഉത്തരം ദൈവസന്നിധിയിൽ സ്വീകാര്യമല്ല. അപ്പോൾ എന്താണു ചെയ്യേണ്ടത്. നമ്മുടെ അപരാധം നമ്മൾത്തന്നെ ഏൽക്കുക. അനുതാപമാണ് അതിന് ഉത്തമ മാർഗം.
» നല്ല അനുതാപം«
ലോകത്തിലെ ഏറ്റവും നല്ല അനുതാപം നടത്തിയതിലൊരാൾ ദാവീദ് ആണ്. ഊറിയയെ കൊന്നു കഴിഞ്ഞപ്പോൾ ദാവീദിനോടും ദൈവം ചോദിക്കുന്നുണ്ട്. നീ എന്താണ് ചെയ്തത്?. ഹവ്വയും കായേനും കാണിച്ചതു പോലെ മറ്റുള്ളവരെ ചാരി രക്ഷപ്പെടാൻ ദാവീദ് ശ്രമിച്ചില്ല. നമ്മളും ശ്രദ്ധിക്കണം, കഴിഞ്ഞ കാലത്തെ നമ്മുടെ ഒരു തെറ്റും മറ്റുള്ളവരുടെ സമ്മർദം കൊണ്ടാണെന്ന ന്യായീകരണം ഉത്തമ അനുതാപത്തിൽ ദൈവം പ്രതീക്ഷിക്കുന്നില്ല. നമ്മുടെ കുറ്റങ്ങളുടെ ഫലം നമ്മൾത്തന്നെ ഏറ്റെടുക്കണം.
എന്നാൽ, മനുഷ്യന് ഏറ്റെടുക്കാൻ കഴിയാത്ത ഭാരങ്ങൾ ഏറ്റെടുക്കാനാണ് ഈശോ മനുഷ്യാവതാരം സ്വീകരിച്ചത്. അതുകൊണ്ടാണ് അവനെ ഏറ്റെടുപ്പുകാരൻ എന്നു പറയുന്നത്. നമ്മുടെ ഭാരങ്ങളാണ്, പാപങ്ങളാണ് അവൻ ചുമന്നതെന്നു പറയുന്നതും ആ അർഥത്തിലാണ്. അതിനാൽ, കർത്താവേ ഞാൻ ഇങ്ങനെ ചെയ്തുപോയി, എന്നോടു ക്ഷമിക്കണം. ഇനി ആവർത്തിക്കില്ല. എന്നെ അനുഗ്രഹിക്കണം എന്നാണ് പറയേണ്ടത്. ഇതാണ് തെറ്റുകൾ ദൈവതിരുമുന്പിൽ പൊറുത്തുകിട്ടാൻ വേണ്ട കൃപാവര നിലപാട്.
Special News
ദൈവത്തിന്റെ ഇടം അഥവാ ദൈവത്തിന്റെ സ്പേസ് നമുക്കു നിറയ്ക്കാൻ കഴിയും, ഇത് നോമ്പുകാലത്തു നാം തിരിച്ചറിയേണ്ട യാഥാർഥ്യങ്ങളിലൊന്ന്. ദൈവത്തിന്റെ ഇടം ദൈവം പ്രവർത്തിക്കേണ്ട ഇടം കൂടിയാണ്. ദൈവത്തിന്റെ പ്രതിനിധിയായി നിന്നുകൊണ്ട് നമ്മൾ പ്രവർത്തിക്കുന്പോഴാണ് ദൈവികദൗത്യം നാം ഏറ്റെടുത്തതായി ദൈവത്തിനു തോന്നുന്നത്.
» അതിജീവിക്കേണ്ടവർ
നോന്പുകാലത്ത് ദൈവത്തിൽ വളരാൻ പറ്റുന്ന ഏറ്റവും ലളിതമായ ഒരു പ്രവർത്തനമാതൃകയാണിത്. ഈ സൃഷ്ടപ്രപഞ്ചത്തിൽ പലപ്പോഴും പ്രകൃതിയുടെ സ്വാഭാവികമായ നിർധാരണം നടക്കുന്നത് ശരിക്കും വനനിയമപ്രകാരമാണ് എന്നു തോന്നിപ്പോകും. കരുത്തുള്ളവൻ മാത്രം കാര്യക്കാരൻ. വേട്ടക്കാരെ മാത്രം പരിപോഷിപ്പിക്കുകയും ഇരകൾ ചത്തൊടുങ്ങാൻവേണ്ടി ജനിക്കുകയും ജീവിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതി ഈ പ്രകൃതിയിൽത്തന്നെ കണ്ടിട്ടാവാം ഡാർവിനെപ്പോലുള്ളവർ നാച്വറൽ സെലക്്ഷൻ എന്നു പറഞ്ഞത്.
ഇതൊരു വന്യമായ നിയമസംഹിതയാണ്. ഇതിനെയാണ് ഡാർവിൻ സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ് എന്നു പറയുന്നത്. ഏറ്റവും കരുത്തന്റെ അതിജീവനം. കരുത്തുള്ളവൻ മാത്രം അതിജീവിക്കുന്നു. കൈക്കരുത്തുള്ളവൻ കാര്യക്കാരൻ എന്നു പറയുന്നതിന്റെ യുക്തിയും ഇതുതന്നെ.
ഈ തത്വത്തിനെതിരേ നീന്തുന്നതാണ് ബൈബിളിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്ന്. കഴിവില്ലാത്തവനും അതിജീവിക്കണം എന്നതാണ് ബൈബിൾ മുന്നോട്ടുവയ്ക്കുന്ന നിലപാട്. നമ്മുടെ മനസിനെ സംസ്കരിക്കാൻ ഉതകുന്ന പുതിയ സന്ദേശം. പഴയനിയമത്തിൽ സെറുബാബേൽ എന്നൊരു രാജകുമാരനുണ്ട്. സെറുബാബേൽ യൊവാക്കിം രാജാവിന്റെ വംശത്തിൽ പിറന്ന രാജകുമാരനാണ്. ബാബിലോണ് വിപ്രവാസ കാലത്ത് ബാബിലോണിൽ ജനിച്ച യഹൂദൻ. അന്നു ബാബിലോണ് വിപ്രവാസം കഴിഞ്ഞവരെ മോചിപ്പിക്കാൻ ദൈവം തെരഞ്ഞെടുത്ത വ്യക്തി.
സെറുബാബേൽ മോചിതരായ പ്രവാസികളെയുംകൊണ്ട് ജറൂസലെമിലേക്ക് എത്തി. ദേവാലയം പുനഃസ്ഥാപിച്ചു. സർവവിധ അവകാശങ്ങളോടുംകൂടി ദൈവത്തിന്റെ ജനം വീണ്ടും ഇസ്രയേലിൽ പറിച്ചു നടപ്പെടുകയും തഴച്ചു വളരുകയും ചെയ്യുന്ന മനോഹര കാഴ്ച. അത് സെറുബാബേലിനെക്കൊണ്ടാണ് ദൈവം ചെയ്യിക്കുന്നത്. സെറുബാബേലിന് അതിനുള്ള കഴിവ് ഇല്ലായിരുന്നു. എന്നാൽ, സെറുബാബേലിലൂടെ എന്താണ് ദൈവം ചെയ്തതെന്ന് സക്കറിയയിലൂടെ വെളിപ്പെടുത്തുന്നുണ്ട്.
സൈന്യത്താലെയല്ല, ശക്തിയാലെയല്ല കർത്താവിന്റെ ആത്മാവിനാലത്രെ എന്ന്. സൈന്യത്താലെയും ശക്തിയാലെയുമാണ് സെറുബാബേൽ വിപ്രവാസികളെ മോചിപ്പിച്ചതെന്നു പറഞ്ഞാൽ ദൈവത്തിന്റെ സ്ഥാനം കാര്യമറിയാതെ കൈയേറുന്നതു പോലെയാകും.
» കരുണ എന്ന ഇടം
ദൈവത്തെ മാറ്റിനിർത്തുന്നതു ദൈവത്തിന്റെ സ്പേസ് കൂടി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ്. എല്ലാവരും ജീവിക്കണം. കരുത്ത് കുറഞ്ഞവൻ കർത്താവിന്റെ കൃപകൊണ്ട് ജീവിക്കണം. അതാണ് "നോട്ട് ബൈ മെറിറ്റ് ബട്ട് ബൈ ഗ്രേസ്' എന്ന പുതിയ നിയമം വ്യക്തമാക്കുന്നത്. ചിലപ്പോൾ ഒരാൾക്കു യോഗ്യത ഉണ്ടാവില്ല. അങ്ങനെയുള്ള ആൾ, മെറിറ്റ് ഇല്ലാത്തവൻ ജീവിക്കേണ്ടന്നാണ് ലോകം പറയുന്നത്. ഒരു കഴിവുമില്ലാത്തവൻ ഇവിടെ ജീവിക്കരുതെന്നതാണ് പലപ്പോഴും ലോകം മുന്നോട്ടുവയ്ക്കുന്ന നിലപാട്. എന്നാൽ, ദൈവത്തിന്റെ കരുണ അവനും ജീവിക്കാൻ ഇടം കൊടുക്കുന്നതാണ്. അതാണ് കരുണ കൈമാറുന്പോൾ അതു ദൈവത്തിന്റെ ഇടമാണെന്നു പറയുന്നത്. നോന്പുകാലത്ത് ജീവിതപ്രശ്നങ്ങളിൽ ആയിരിക്കുന്നവർക്കു ജീവിക്കാനുള്ള സൗകര്യങ്ങൾ നമ്മൾ ചെയ്തുകൊടുക്കുന്പോൾ കൈമാറുന്നത് ദൈവത്തിന്റെ കരുണയാണ്. ദൈവത്തിന്റെ കരുണ എന്നതു ദൈവത്തിന്റെ ഇടമാണ്. ദൈവത്തിന്റെ സ്പേസ് ദൈവത്തിനുവേണ്ടി ഏറ്റെടുത്തു ദൈവത്തിന്റെ പേരിൽ ചെയ്യാനുള്ള ഏറ്റവും നല്ല അവസരമാണ് നോന്പുകാലം.